| Tuesday, 17th December 2024, 6:06 pm

67 ശതമാനത്തിലധികം അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക് ക്ലീനിങ് തൊഴിലാളികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയിലെ മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളിൽ 67 ശതമാനത്തിലധികം പേരും പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണെന്ന് ഔദ്യോഗിക കണക്കുകൾ

നാഷണൽ ആക്‌ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം പദ്ധതിയുടെ കീഴിലുള്ള 54,574 മലിനജല, സെപ്‌റ്റിക് ടാങ്ക് തൊഴിലാളികളിൽ 37,060 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ ലോക്‌സഭയിൽ പറഞ്ഞു.

15.73 ശതമാനം തൊഴിലാളികൾ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒ.ബി.സി) ഉള്ളവരാണെന്നും 8.31 ശതമാനം പട്ടികവർഗത്തിൽ നിന്നുള്ളവരാണെന്നും (എസ്.ടി) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു, അതേസമയം 8.05 ശതമാനം മാത്രമാണ് ജനറൽ വിഭാഗത്തിൽ നിന്നുള്ളത്.

ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 57,758 തൊഴിലാളികളെ നാഷണൽ ആക്‌ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. അതിൽ 54,574 പേര് പദ്ധതിയുടെ ഭാഗമായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കായുള്ള സെൻട്രൽ ഡാറ്റാബേസിലേക്ക് ഡാറ്റ സംയോജനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

2023-24 ൽ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ച നമസ്‌തേ പദ്ധതി, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന് കീഴിൽ, തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സാമൂഹിക-സാമ്പത്തിക അവസരങ്ങൾ നൽകുന്നതിനുമായി വിവിധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.

Content Highlight: Over 67% sewer, septic tank workers belong to Scheduled Caste category: Govt

We use cookies to give you the best possible experience. Learn more