റായ്പൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍. രണ്ടാഴ്ചയായി സമരം ചെയ്യുന്ന 600 ഓളം നഴ്‌സുമാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മെയ് 18 മുതല്‍ പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സമരം അടിച്ചമര്‍ത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
പണിമുടക്കിനെ നേരിടാന്‍ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭീഷണി വകവെയ്ക്കാതെ നഴ്‌സുമാര്‍ സമരം തുടര്‍ന്നു. ഇതോടെയാണ് 600 ലധികം നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
സമരം അടിച്ചമര്‍ത്താനാണ് രമണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നഴ്‌സിങ് സംഘടനയായ ഛത്തീസ്ഗഡ് പരിചാരിക കര്‍മചാരി കല്യാണ്‍സംഗ് (സി.പി.കെ.കെ.എസ്) ആരോപിച്ചു. മൂന്നുവര്‍ഷമായി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല.
വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭത്തിനിറങ്ങിയത്. നിഷേധനിലപാട് തിരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സി.പി.കെ.കെ.എസ് നേതാവ് ടിക്കേശ്വരി സാഹു പറഞ്ഞു.
WATCH THIS VIDEO: