തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തുടരുന്നതില്‍ രാജ്യത്തെ 54 ശതമാനം ജനങ്ങള്‍ക്കും എതിര്‍പ്പെന്ന് സര്‍വേഫലം. ഇസ്രഈല്‍ ദിനപത്രമായ മാരിവ് ആണ് സര്‍വേ ഫലം പുറത്തു വിട്ടത്. നെതന്യാഹു രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു തന്നെ പുറത്തു പോവണമെന്നാണ് 54 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. 35 ശതമാനം പേരാണ് നെതന്യാഹുവിനെ പിന്തുണയ്ക്കുന്നത്. 10 ശതമാനം പേര്‍ ഒരഭിപ്രായവും രേഖപ്പെടുത്തിയില്ല.
നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്വുഡിലെ 28 ശതമാനം പേര്‍ നെതന്യാഹു രാജിവെക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിക്വുഡിന് 36 സീറ്റുകളാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പ് ഇപ്പോഴാണ് നടത്തിയിരുന്നതെങ്കില്‍ 28 സീറ്റുകളിലേക്ക് ലിക്വുഡ് പാര്‍ട്ടി ചുരുങ്ങുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
കൊവിഡ് പ്രതിസന്ധിയെ നേരിട്ടതില്‍ നെതന്യാഹുവിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇസ്രഈലില്‍ പ്രതിഷേധം നടക്കുന്നത്. രണ്ടാം ഘട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തവെ പ്രതിഷേധം വീണ്ടും കനക്കുകയാണ്.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടതും വരുമാനമില്ലാതായതും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇസ്രഈലില്‍ മാര്‍ച്ച് പകുതിയോടെ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ്മാസത്തില്‍ ഇവയില്‍ ഇളവ് വരുത്തുകയും ചെയ്തു. ലോക്ഡൗണിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 21 ശതമാനം കൂടിയിട്ടുണ്ട്. ഇതാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന പ്രധാനവിഷയം. ഒപ്പം നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളും പ്രതിഷേധം കനപ്പിക്കുന്നു.