| Friday, 5th July 2024, 4:23 pm

നീറ്റ് പരീക്ഷ വീണ്ടും നടത്തരുത്; സുപ്രീം കോടതിയെ സമീപിച്ച് ഗുജറാത്തില്‍ നിന്നുള്ള 50 ഓളം ഉദ്യോഗാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പുനഃപരീക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഗുജറാത്തില്‍ നിന്നുള്ള 50 ഓളം ഉദ്യോഗാര്‍ത്ഥികള്‍.

2024 ലെ യു.ജി-നീറ്റ് ടെസ്റ്റ് റദ്ദാക്കാനും പരീക്ഷ വീണ്ടും നടത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും തീരുമാനത്തിനെതിരെയാണ് ഗുജറാത്തില്‍ നിന്നുള്ള 56 വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചത്.

ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്.

പ്രവേശന പരീക്ഷയില്‍ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ അല്ലാതെ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ നിലവിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനം തേടിയിട്ടുണ്ട്.

അതേസമയം ക്രമക്കേടില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നും എന്നാല്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പ്രവേശന പരീക്ഷ പാസായ വിദ്യാര്‍ഥികളെ ഈ നീക്കം ബാധിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.

‘സത്യസന്ധരും കഠിനാധ്വാനികളുമായ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം യുക്തിരഹിതമായിരിക്കും. മാത്രമല്ല അത് അവരോട് ചെയ്യുന്ന നീതികേടുകൂടിയാണ്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനത്തിനും ഇത് കാരണമാകും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 [സമത്വത്തിനുള്ള അവകാശം] ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്,’ ഹരജിയില്‍ പറയുന്നു.

പുനഃപരിശോധന ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ ജൂലൈ 8 ന് കോടതി പരിഗണിക്കാനിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

മെയ് 5-നായിരുന്നു 4,750 കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ നടന്നത്. ഏകദേശം 24 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ജൂണ്‍ നാലിനായിരുന്നു ഫലം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള പരാതികള്‍ ഉയരുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതായും ഇതിന് പിന്നാലെ വ്യക്തമായി.

ഒരേ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ആറ് പേര്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചതായി നിരവധി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
ചില കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.

പരീക്ഷയില്‍ 1,563 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കുമെന്ന് ജൂണില്‍ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്നുകില്‍ വീണ്ടും പരീക്ഷ എഴുതുകയോ അല്ലെങ്കില്‍ അവരുടെ യഥാര്‍ത്ഥ സ്‌കോറുകള്‍ നിലനിര്‍ത്താനോ ഉള്ള ചോയ്‌സ് നല്‍കിയിട്ടുണ്ട്, കോമ്പന്‍സേറ്ററി മാര്‍ക്ക് ഒഴിവാക്കുക മാത്രമാണ് ചെയ്യുക.

വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാതിയില്‍ സി.ബി.ഐ ജൂണ്‍ 22 ന് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മെയ് അഞ്ചിന് നടന്ന പ്രവേശന പരീക്ഷയില്‍ ചില സംസ്ഥാനങ്ങളില്‍ പരീക്ഷകളില്‍ ക്രമക്കേട് നടന്നെന്നായിരുന്നു സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ മന്ത്രാലയം പറഞ്ഞത്.

ജൂണ്‍ 28 ന്, പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ ബിഹാറിലെ പട്നയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Over 50 NEET candidates approach Supreme Court to stop any move for re-examination

We use cookies to give you the best possible experience. Learn more