ബാഗ്ദാദ്: തെക്കന്‍ ഇറാഖില്‍ ഐ.എസ് ചാവേറാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. റസ്റ്റോറന്റിലും പൊലീസ് ചെക്ക് പോസ്റ്റിലുമുണ്ടായ ഭീകരാക്രമണത്തിലാണ് 50 പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്.
Also Read: അണ്ടര്‍ 17 ലോകകപ്പൊരുക്കങ്ങള്‍ക്കായി കേരളം ചിലവഴിച്ചത് 66 കോടി
തെക്കന്‍ ഇറാഖിലെ എണ്ണ ഉല്‍പാദന കേന്ദ്രമായ നസിറിയയിലായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തരാവാദിത്വം ഏറ്റെടുത്ത് ഐ.എസ് രംഗത്തെത്തി. അഞ്ചു ഭീകരരാണ് റസ്റ്റോറന്റില്‍ അക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
റസ്റ്റോറന്റിലേക്കു കടന്ന ഭീകരരില്‍ നാലു പേര്‍ അകത്തുള്ളവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ, ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യ്‌തെന്നു വാര്‍ത്താ ഏജന്‍സിയായ റോയ്‌ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനു പിന്നാലെയാണ് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിനു നേരെയും ആക്രമണമുണ്ടായത്. തോക്കുധാരികളായ ഭീകരര്‍ ചെക്ക് പോയിന്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഇറാന്‍ പൗരന്മാരുമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റുരാഷ്ട്രക്കാര്‍ ആരെങ്കിലും ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല.