ഉദയ്പൂര്‍: ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച ശംഭുലാല്‍ റൈഗറിനെ പിന്തുണച്ച് രാജസ്ഥാനില്‍ പ്രകടനം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ശംഭുലാലിനെ അനുകൂലിച്ച് പ്രകടനം നടന്നത്.
പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് 50 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 20 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.
സംഭവവുമായി ബന്ധപ്പെട്ട് 50ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ചേതക് സര്‍ക്കിള്‍ മേഖലയില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും ശംഭുലാലിനുവേണ്ടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
ഉപേഷ് റാണയെന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്തരമൊരു പ്രകടനത്തിനു തുടക്കമിട്ടത്. പോസ്റ്റു വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഉദയ്പൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഉദയ്പൂരിനു സമീപമുളളവരാണ് കസ്റ്റഡിയിലായവരില്‍ ഭൂരിപക്ഷവുമെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് അഫ്രസുലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ എട്ടിന് ഉദയ്പൂരില്‍ ഒരു സംഘം മുസ്‌ലീങ്ങള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു മറുപടിയെന്ന നിലയിലാണ് തങ്ങള്‍ പ്രകടനം നടത്തിയതെന്നാണ് കസറ്റഡിയിലുള്ളവര്‍ പൊലീസിനോടു പറഞ്ഞത്.
ഉദയ്പൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്.