ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ ഡ്രൈവര്‍മാരുടെ വന്‍പ്രതിഷേധം. 50,000ത്തോളം വരുന്ന ഡ്രൈവര്‍മാരാണ് ‘ഒഡീഷ ഡ്രൈവര്‍ മഹാസംഘ്’ എന്ന പേരില്‍ പദയാത്ര സംഘടിച്ചത്.
അടിസ്ഥാന വേതനം ഉറപ്പാക്കുക, കൊവിഡ് പോരാളികളെന്ന പരിഗണന നല്‍കുക തുടങ്ങി പത്തോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഡ്രൈവര്‍മാരുടെ പ്രതിഷേധം.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ പ്രതിഷേധത്തില്‍ പങ്കടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതിനാല്‍ ഡ്രൈവര്‍മാര്‍ ഗാന്ധി മാര്‍ഗില്‍ ധര്‍ണയും സംഘടിപ്പിച്ചു.
കൊവിഡ് മുന്നണി പോരാളികള്‍ എന്ന പരിഗണനയ്ക്ക് പുറമെ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് 15,000 രൂപയും, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് 20,000 രൂപയും അടിസ്ഥാന വേതനമായി ഉറപ്പാക്കണമെന്നാണ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്.
55 വയസ്സ് കഴിഞ്ഞ ഡ്രൈവര്‍മാര്‍ക്ക് മാസം തോറും ഒരു തുക പെന്‍ഷനായി നല്‍കണമെന്നും, ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കണമെന്നും, വിശ്രമമുറികള്‍ പാര്‍ക്കിംഗ് ഏരിയകള്‍ എന്നിവ സജ്ജീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ലൈസന്‍സിന്റെ കാലാവധി നീട്ടണമെന്നും ആവശ്യമുണ്ട്.
‘അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണം, ന്യായമായ ആവശ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്,’ പ്രതിഷേധക്കാര്‍ പറയുന്നു.