ചൈനയില്‍ കൊവിഡിനെതിരെ പുതിയ വാക്‌സിന്‍ പരീക്ഷണം; സന്നദ്ധരായെത്തിയത് 5000 പേര്‍
COVID-19
ചൈനയില്‍ കൊവിഡിനെതിരെ പുതിയ വാക്‌സിന്‍ പരീക്ഷണം; സന്നദ്ധരായെത്തിയത് 5000 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 10:56 am

ബീജിംഗ്: കൊവിഡ്-19 നെതിരെ ചൈനയില്‍ പുതിയ വാക്‌സിന്‍ പരീക്ഷിക്കുന്നു. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധരായെത്തിയത് 5000 ത്തോളം പേരെന്ന് ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ചൈനീസ് ഡെയിലിയുടെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ ഹുബൈ പ്രവിശ്യയില്‍ വെച്ചാണ് വാക്‌സിന്‍ കുത്തി വെപ്പ് നടത്തുന്നത്. കുറഞ്ഞത് 108 പേരെ കുത്തിവെപ്പിനായി ആവശ്യമാണെന്നായിരുന്നു ശാസ്ത്ര സംഘം അറിയിച്ചത്.

കുത്തിവെപ്പ് നടത്തിയതിനു ശേഷം ഇവര്‍ 14 ദിവസം ക്വാരന്റീനില്‍ കഴിയണം. ഈ സമയത്തെ ഇവരുടെ ആരോഗ്യനില റെക്കേഡ് ചെയ്യും. ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രധാനമായും 5 തരത്തിലുള്ള വാക്‌സിന്‍ നിര്‍മാണ രീതിയാണ് പരീക്ഷിച്ചത്. ഇന്‍ ആക്ടിവേറ്റഡ് വാക്‌സിന്‍, ജെനിറ്റ്‌റിക് എന്‍ജിനീയറിംഗ് സബ് യൂനിറ്റ് വാക്‌സിന്‍, അഡെനൊവൈറസ് വെക്ടര്‍ വാക്‌സിന്‍, ന്യൂക്ലെയിക് ആസിഡ് വാക്‌സിന്‍ തുടങ്ങിയവ ഇതില്‍ അഡിനൊ വൈറസ് വെക്ടര്‍ ആണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അമേരിക്കന്‍ ശാസ്ത്ര സംഘം കൊവിഡിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചൈനയുടെ വാക്‌സിന്‍ പരീക്ഷണം. ചൈനയില്‍ നിലവില്‍ കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും വിദേശത്ത് നിന്നെത്തുന്ന ചൈനിസ് ജനങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ 474 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തിയവര്‍ക്കാണ്. മാര്‍ച്ച് 16 നാണ് ഈ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അമുമതി ശാസ്ത്ര സംഘം വാങ്ങിയത്.

കൊവിഡിനെ പ്രതിരോധിക്കാനായി അമേരിക്ക വികസിപ്പിച്ചെടുത്ത വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരുന്നു. ജനുവരി-12നാണ് ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ടത്. തുടര്‍ന്ന് അമേരിക്കയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും വാക്സിന്‍ റിസര്‍ച്ച് സെന്ററും ബയോടെക്നോളജി കമ്പനിയായ മോഡേണയും ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ വികസിപ്പിച്ചെടുത്തു. മെസഞ്ചര്‍ റൈബോ ന്യൂക്ലിക് ആസിഡ്-1273 എന്നാണ് ഈ വാക്സിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി-24ന് ഇത് മനുഷ്യരില്‍ പ്രയോഗിക്കാനുള്ള അനുമതി ലഭിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 16ന് അമേരിക്കയിലെ സിയാറ്റില്‍ 18 നും 55നും പ്രായമുള്ള 45പേരില്‍ ഈ വാക്സിന്‍ കുത്തിവെച്ച് പരീക്ഷണം ആരംഭിച്ചു. വാക്സിന്‍ പരീക്ഷണത്തിനായി ആദ്യമായി സ്വയം മുന്നോട്ടുവന്ന അമേരിക്കയിലെ ജെന്നിഫര്‍ ഹാലര്‍ എന്ന യുവതിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലോകം ഒന്നാകെ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഈ വാക്‌സിന്‍ ഫലപ്രദമാണ് എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.