ഗസ: അല്‍ ഷിഫാ ആശുപത്രിയില്‍ പതിമൂന്ന് ദിവസത്തിനിടെ ഇസ്രഈലിന്റെ റെയ്ഡില്‍ കൊല്ലപ്പെട്ടത് 400ലധികം ഫലസ്തീനികള്‍. അല്‍ ഷിഫയെ ലക്ഷ്യം വെച്ച് ഇസ്രഈലി സൈന്യം തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണെന്ന് ഗസയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ രോഗികളും യുദ്ധത്തില്‍ കുടിയിറക്കപ്പെട്ടവരും മെഡിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടുന്നു. റെയ്ഡിന് പിന്നാലെ നൂറുകണക്കിന് പേര്‍ അറസ്റ്റിലാവുകയും പീഡനത്തിന് വിധേയരാകുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1050ഓളം വീടുകളെ ലക്ഷ്യമാക്കി സൈന്യം ബോംബാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഫലസ്തീനില്‍ പ്രവര്‍ത്തനക്ഷമമായ 10 ആശുപത്രികള്‍ മാത്രമേ ബാക്കിയുള്ളു. കൂടാതെ ഗസയിലെ ഏകദേശം 9,000 രോഗികള്‍ക്ക് അടിയന്തര പരിചരണത്തിനായി വിദേശത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് യുദ്ധത്തിന് മുമ്പ് ഗസയില്‍ 36 ആശുപത്രികള്‍ ഉണ്ടായിരുന്നു.
മാര്‍ച്ച് 18ന് ആയുധധാരികളായ ഇസ്രഈല്‍ സൈന്യം ടാങ്കുകളും ഡ്രോണുകളുമായി അല്‍ ഷിഫയിലേക്ക് ഇരച്ചുകയറുകയും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഗസയിലെ ആരോഗ്യ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അതിക്രമങ്ങള്‍ നടത്തരുതെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം തള്ളിക്കകൊണ്ടാണ് ഇസ്രഈല്‍ അല്‍ ഷിഫയിലെ സൈനിക നടപടി തുടരുന്നത്.
അതേസമയം ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു. ആദ്യമായാണ് രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്. വോട്ടെടുപ്പില്‍ നിന്ന് വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെയ്റോ ആസ്ഥാനമാക്കി യു.എന്‍ ശക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ അവസാന ബന്ദിയും തിരിച്ചെത്തുന്ന വരെ ഫലസ്തീനിലെ സൈനിക നടപടി തുടരുമെന്ന് ഇസ്രഈലി വിദേശകാര്യ മന്ത്രി ബെന്‍ ഗവീര്‍ പ്രതികരിക്കുകയുണ്ടായി. പ്രമേയം വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറഞ്ഞിരുന്നു.
Content Highlight: Over 400 Palestinians were killed in Al Shifa in thirteen days