ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ 40 കോടി തൊഴിലാളികളെയാണ് ബാധിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി.
രാജ്യത്തെ പ്രധാന വിപണികളെല്ലാം 70 ശതമാനം മുതല്‍ 80 ശതമാനം നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്നും എ.എ.പി എം.എല്‍.എ ആദര്‍ശ് ശാസ്ത്രി പറഞ്ഞു.
വലിയ കമ്പനികള്‍ വരെ തൊഴിലാളികളെ പിരിച്ചുവിടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെ പ്രതികരിച്ചു.
വികസിത രാജ്യങ്ങള്‍ പോലും നോട്ട് അസാധുവാക്കല്‍ പോലുള്ള തീരുമാനത്തില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ മോദി ഇത്തരമൊരു തീരുമാനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി ഒരു മാസം പിന്നിടുമ്പോഴും വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പണം ലഭിക്കാനായി ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും തുച്ഛമായ പണം മാത്രമാണ് പല ബാങ്കുകളില്‍ നിന്നും ലഭിക്കുന്നത്.
24000 രൂപവരെ ആഴ്ചയില്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 4000 രൂപയും അതില്‍ താഴെയുമാണ് പല ബാങ്കുകളും നല്‍കുന്നത്. എ.ടി.എമ്മിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 25 ശതമാനം എ.ടി.എമ്മുകളില്‍ മാത്രമാണ് നിലവില്‍ പണമുള്ളത്. ഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമെത്തിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല.