സര്‍ക്കാര്‍ കോളേജും സ്‌കൂളുമുള്ള ഭൂമിയും കയ്യേറ്റമാണോ?; 4000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കോടതിവിധിക്കെതിരെ ഉത്തരാഖണ്ഡില്‍ വ്യാപക പ്രതിഷേധം
national news
സര്‍ക്കാര്‍ കോളേജും സ്‌കൂളുമുള്ള ഭൂമിയും കയ്യേറ്റമാണോ?; 4000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കോടതിവിധിക്കെതിരെ ഉത്തരാഖണ്ഡില്‍ വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2023, 11:38 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീടും കിടപ്പാടവും നഷ്ടപ്പെടുന്ന ഭീതിയില്‍ 4000ത്തോളം കുടുംബങ്ങള്‍. ഇവര്‍ താമസിച്ചു വന്നിരുന്ന സ്ഥലം റെയില്‍വേയുടേതാണെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന ഭീഷണിയിലായിരിക്കുന്നത്. ഹല്‍ദ്വാനിയിലെ റെയില്‍വേ സ്‌റ്റേഷനടുത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളാണ്.

ഡിസംബര്‍ 20നാണ് കോടതി വിധി വന്നത്. കയ്യേറ്റം നടത്തിയവര്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് നല്‍കിയ ശേഷം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നായിരുന്നു കോടതി റെയില്‍വേയോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചത്.

കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി ചിലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

ഹല്‍ദ്വാനിയിലെ ബാന്‍ഭൂല്‍പുരയിലെ താമസക്കാര്‍ കോടതിവിധിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഇറക്കിവിട്ടാല്‍ തങ്ങള്‍ തെരുവിലാകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസമടക്കം മുടങ്ങുമെന്നാണ് ഇവര്‍ പറയുന്നത്.

സമരക്കാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ’70 വര്‍ഷത്തിലേറെയായി അവര്‍ അവിടെ താമസിക്കുന്നുണ്ട്. പ്രദേശത്ത് മുസ്‌ലിം പള്ളിയും അമ്പലവും വാട്ടര്‍ ടാങ്കും ഹെല്‍ത്ത് സെന്ററുമുണ്ട്. രണ്ട് കോളേജുകളും പ്രൈമറി സ്‌കൂളുമുണ്ട്. പ്രധാനമന്ത്രിയോടും റെയില്‍വേ മന്ത്രാലയത്തോടും മുഖ്യമന്ത്രിയോടും ഈ വിഷയത്തെ മാനുഷികമായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,’ കോണ്‍ഗ്രസ് സെക്രട്ടറി ഖാസി നിസാമുദ്ദീന്‍ പറയുന്നു.

സര്‍ക്കാര്‍ കോളേജുകളുള്ള സ്ഥലത്തെ എങ്ങനെയാണ് അനധികൃത കയ്യേറ്റമെന്ന് വിളിക്കാനാകുക എന്നാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചോദിച്ചത്.

കോടതിയില്‍ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കവിഷയമായത് 29 ഏക്കര്‍ ഭൂമി മാത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ 78 ഏക്കറോളം സ്ഥലത്ത് താമസിക്കുന്നവര്‍ക്കെല്ലാം റെയില്‍വേ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 50,000ത്തിലേറെ കുടുംബങ്ങളെയാണ് ഈ നടപടി ബാധിക്കാന്‍ പോകുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി വിധിക്കെതിരെ ഹല്‍ദ്വാനിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജനുവരി അഞ്ചിനാണ് സുപ്രീം കോടതി കേസ് പരിഗണിക്കുക.

അതേസമയം, സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് സര്‍ക്കാരോ റെയില്‍വേയോ നീങ്ങുമെന്ന ആശങ്കയിലാണ് ഹല്‍ദ്വാനി പ്രദേശവാസികള്‍.

Content Highlight: Over 4,000 families in Uttarakhand’s Haldwani going to be homeless after Court verdict