| Friday, 30th August 2024, 12:51 pm

3,885 ഡോക്ടർമാരിൽ 35 ശതമാനത്തിലധികം പേരും, രാത്രി ഷിഫ്റ്റുകളിൽ സുരക്ഷിതരല്ലെന്ന് ഐ.എം.എ പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാത്രി ഷിഫ്റ്റ് എടുക്കുന്ന ഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും സുരക്ഷിതരല്ലെന്ന് ഐ.എം.എ പഠനം. അതിൽ തന്നെ കൂടുതൽ സുരക്ഷിതരല്ലാത്തത് സ്ത്രീകളാണെന്നും പഠനം വ്യക്തമാക്കുന്നു. രാത്രി ഷിഫ്റ്റ് എടുക്കുന്ന ഡോക്ടർമാരിൽ 45 ശതമാനം പേർക്കും ഡ്യൂട്ടി റൂം ലഭിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓൺലൈനായി നടത്തിയ സർവേയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

സർവേയിൽ 24 മണിക്കൂറിനുള്ളിൽ 3,885 വ്യക്തിഗത പ്രതികരണങ്ങൾ ലഭിച്ചു. ഈ വിഷയത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ പഠനമാണിതെന്ന് ഐ.എം.എ അവകാശപ്പെട്ടു. കേരള സ്റ്റേറ്റ് ഐ.എം.എയുടെ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവനും സംഘവുമാണ് റിസർച്ച് നടത്തിയത്. സർവേയിലൂടെ കണ്ടെത്തിയ വിവരങ്ങൾ ഐ.എം.എയുടെ കേരള മെഡിക്കൽ ജേണൽ 2024 ഒക്‌ടോബർ ലക്കത്തിൽ പ്രസിദ്ധീകരിക്കാൻ നൽകിയിട്ടുണ്ട്.

പ്രതികരിച്ചവരിൽ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉണ്ടായിരുന്നു. അവരിൽ 85 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരും 61 ശതമാനം പേർ ഇൻ്റേണുകളോ പി.ജി ഉള്ളവരോ അല്ലെങ്കിൽ പി.ജി വിദ്യാർത്ഥികളോ ആയിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 63 ശതമാനവും സ്ത്രീകളായിരുന്നു.

തിരക്ക്, സ്വകാര്യതയില്ലായ്മ, പൂട്ടുകൾ കാണാത്തത് എന്നിവ കാരണം ഡ്യൂട്ടി റൂമുകൾ പലപ്പോഴും അപര്യാപ്തമാണെന്ന് സർവേ കണ്ടെത്തി. പകുതിയിലധികം ഡ്യൂട്ടി റൂമുകളും (53 ശതമാനം) സ്ഥിതി ചെയ്യുന്നത് വാർഡിൽ നിന്നോ കാഷ്വാലിറ്റിയിൽ നിന്നോ വളരെ അകലെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം ലഭ്യമായ മുറികളിൽ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യവും ഇല്ലായിരുന്നു. അതായത് അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് പുറത്ത് പോവേണ്ടതായി വരും.

തങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്താനായി ഡോക്ടർമാർ തന്നെ സർവേയിലൂടെ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുക, സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക, ശരിയായ വെളിച്ചം ഉറപ്പാക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് (സി.പി.എ) നടപ്പാക്കുക, ബൈസ്റ്റാൻഡർ നമ്പറുകൾ നിയന്ത്രിക്കുക, അലാറം സംവിധാനങ്ങൾ സ്ഥാപിക്കുക, പൂട്ടുകളുള്ള സുരക്ഷിതമായ ഡ്യൂട്ടി റൂമുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഡോക്ടർമാർ മുന്നോട്ട് വെച്ചത്.

Content Highlight: Over 35% of 3,885 doctors, mostly women, feel unsafe during night shifts: IMA study

We use cookies to give you the best possible experience. Learn more