| Friday, 23rd February 2024, 2:59 pm

ഗുജറാത്തിലെ 300ലധികം സ്കൂളുകളിൽ ഒരു ക്ലാസ്മുറി മാത്രം; സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിൽ 341 സർക്കാർ സ്കൂളുകളിൽ ഒരു ക്ലാസ്മുറി മാത്രമേയുള്ളൂവെന്ന് സമ്മതിച്ച് സർക്കാർ.

ഗുജറാത്ത് നിയമസഭയിലെ ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം.എൽ.എ കിരിത് പട്ടേലിന്റെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻതോർ നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ.

പൊളിഞ്ഞു വീഴാറായ ക്ലാസ് മുറികൾ പൊളിച്ചുമാറ്റിയതും ചില പ്രദേശങ്ങളിൽ വിദ്യാർത്ഥികളുടെ ഹാജർ കുറവാണെന്നതും പുതിയ നിർമിതിക്കായി ഭൂമി ലഭ്യമല്ല എന്നതുമാണ് ക്ലാസ്മുറികളില്ലാത്തതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്.

എത്രയും പെട്ടെന്ന് ഘട്ടം ഘട്ടമായി ഈ സ്കൂളുകളിൽ പുതിയ ക്ലാസ്മുറികൾ നിർമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം വിദ്യാഭ്യാസ വകുപ്പിലെ ആയിരത്തിലധികം തസ്തികകൾ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും കിരിത് പട്ടേൽ ചൂണ്ടിക്കാട്ടി.

2023 ഡിസംബറിൽ നിന്നുള്ള കണക്കുകൾ പ്രകാരം ക്ലാസ് -1, ക്ലാസ് -2 ഉദ്യോഗസ്ഥർക്കുള്ള 1,459 തസ്തികകളാണ് നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുന്നത്.

ബി.ജെ.പി സർക്കാരിന് കീഴിൽ ഗുജറാത്തിന്റെ വിദ്യാഭ്യാസ സംവിധാനം വളരെ ദയനീയമാണെന്ന് കിരിത് പട്ടേൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ നാലിലൊന്ന് പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും ഗുജറാത്തി ഭാഷയും പകുതിയിലധികം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയും വായിക്കാൻ അറിയില്ലെന്ന് 2023ലെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് റിപ്പോർട്ട് പറയുന്നതായി കോൺഗ്രസ്‌ എം.എൽ.എ നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ അഞ്ചിൽ ഒന്ന് സംസ്ഥാനങ്ങളിൽ പോലും ഗുജറാത്ത് ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Over 300 Gujarat Primary Schools Lack Multiple Classrooms

We use cookies to give you the best possible experience. Learn more