ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാംപൂരില്‍ എത്തിച്ച 300 ലേറെ ഇ.വി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുള്ള അസം ഖാന്‍.
” തെരഞ്ഞെടുപ്പിനായി എത്തിച്ച 300 ലേറെ വോട്ടിങ് മെഷീനുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. ജില്ലാ മജിസ്‌ട്രേറ്റ് നടപടിയെടുത്തേ തീരൂ. പരാതിപ്പെടുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. അവരുടെ വീടുകളിലും മറ്റും ചെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ഞങ്ങള്‍ റൈഫിളുകള്‍ തയ്യാറാക്കിവെക്കുന്നുണ്ടെല്ലാം പറഞ്ഞാണ് ഭീഷണി. ഇങ്ങനെയാണെങ്കില്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കുമെന്ന് തോന്നുന്നില്ല- അബ്ദുള്ള അസം ഖാന്‍ പറഞ്ഞു.
ബി.ജെ.പി ഭയത്തിലാണെന്നും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദ പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ചേര്‍ന്നുള്ള മഹാഗദ്ബന്ധനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും അബ്ദുള്ള അസം ഖാന്‍ പറഞ്ഞു.
യു.പിയിലെ രാംപൂരില്‍ നിന്നാണ് അബ്ദുള്ള ജനവിധി തേടുന്നത്. യോഗി ആദിത്യനാഥിന്റെ അലി ബജ്രംഗ്ബലി പരാമര്‍ശനത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. അലിയും ബജ്രംഗ് ബലിയും നമ്മുടേതാണെന്നായിരുന്നു അബ്ദുള്ള അസം ഖാന്റെ പ്രസ്താവന. രാംപൂരില്‍ വ്യക്തായ ലീഡ് നേടി വിജയിക്കുമെന്നും ബി.ജെ.പി തിരിച്ചടിക്കായി കാത്തിരിക്കൂവെന്നും ഖാന്‍ പറഞ്ഞു.