തെലങ്കാനയില്‍ നിന്നും ഇസ്രഈലിലേക്ക് ജോലിക്കായി അപേക്ഷിച്ച് 2200 തൊഴിലാളികള്‍
national news
തെലങ്കാനയില്‍ നിന്നും ഇസ്രഈലിലേക്ക് ജോലിക്കായി അപേക്ഷിച്ച് 2200 തൊഴിലാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 11:43 am

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്ന് 2200 തൊഴിലാളികള്‍ ഇസ്രഈലില്‍ ജോലിക്കായി അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫലസ്തീന്‍ ഇസ്രഈല്‍ സംഘര്‍ഷം മൂലമുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് തെലങ്കാനയില്‍ നിന്ന് ഇസ്രഈലിലേക്ക് റിക്രൂട്‌മെന്റ് നടന്നത്.

ഹൈദരാബാദില്‍ വെള്ളിയാഴ്ച സമാപിച്ച യോഗ്യതാ പരീക്ഷക്ക് ശേഷം 2200 പേരില്‍ നിന്നും 905 തൊഴിലാളികളെയാണ് ഇസ്രഈലിലേക്കുള്ള ജോലികള്‍ക്കായി തെരഞ്ഞെടുത്തത്. പശ്ചിമേഷ്യന്‍ രാജ്യത്തിന്റെ വിദേശ തൊഴിലാളി സേനയിലാണ് ഇവരെ ഉള്‍പെടുത്തുക.

നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്റര്‍നാഷണലിന്റെ (എന്‍.എസ്.ഡി.സി.ഐ) സഹായത്തോടെയാണ് തെലങ്കാന സര്‍ക്കാര്‍ ഈ റിക്രൂട്ട്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്.

തെലങ്കാനയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും മരപ്പണിക്കാര്‍, സെറാമിക് ടൈലറുകള്‍, പ്ലാസ്റ്ററര്‍മാര്‍, ഇരുമ്പ് ബെന്‍ഡര്‍മാര്‍ എന്നിവരാണ്. ഇസ്രഈലില്‍ ഇത്തരം ജോലിക്ക് വലിയ ശമ്പളം ഉള്ളതുകൊണ്ടുതന്നെ യുദ്ധ ബാധിത പ്രദേശത്ത് ജോലി ചെയ്യാന്‍ ഇന്ത്യക്കാര്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഓരോ തൊഴിലാളിക്കും പ്രതിമാസം 1.2 ലക്ഷം മുതല്‍ 1.38 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ടീം പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയിലെ മൂന്നാമത്തെ റിക്രൂട്ട്മെന്റ് ഇവന്റ് ആയിരുന്നു തെലങ്കാനയിലേത്.

ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള റിക്രൂട്‌മെന്റുകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം ഉത്തര്‍പ്രദേശിലും ഹരിയാനയിലും സമാനമായ റിക്രൂട്ട്മെന്റ് നടന്നിരുന്നു.

ഇസ്രഈലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികളെയാണ് എടുക്കുന്നത്. ഏകദേശം 10,000 തൊഴിലവസരങ്ങള്‍ ഇസ്രഈലില്‍ ഉണ്ടെന്ന് ജനുവരിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Over 2200 thelangana workers apply, 900 selected for jobs in Israel