കാബുള്‍: അഫ്ഗാന്‍ മേഖലയില്‍ താലിബാന്‍ ആക്രമണം വ്യാപമാകുന്നതിനിടെ പ്രദേശത്ത് നിന്ന് 22,000 ഓളം കുടുംബങ്ങള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. അതിനിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ റോക്കറ്റാക്രമണം നടത്തിയ 4 ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തിട്ടുണ്ട്.
മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച ആക്രമണങ്ങള്‍ ഉച്ചസ്ഥായില്‍ എത്തിയിരിക്കുകയാണ്. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കിയ സാഹചര്യത്തിലാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.
സംഘര്‍ഷം ആരംഭിച്ചത് മുതല്‍ നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 22,000 കുടുംബങ്ങളാണ് അവരവരുടെ വീട് വിട്ട് പലായനം ചെയ്തതെന്ന് പ്രവിശ്യാ അഭയാര്‍ഥി വിഭാഗം മേധാവി ദോസ്ത് മുഹമ്മദ് ദര്യാബ് പറഞ്ഞു.
അതേസമയം സംഘര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നാല് ക്യാംപുകള്‍ കാണ്ഡഹാര്‍ മേഖലകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഒരു ലക്ഷത്തിലധികം പേരാണ് വിവിധ ക്യാംപുകളിലായി കഴിയുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം അഫ്ഗാനിസ്ഥാനെ പിന്തുണച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനെതിരെ താലിബാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കാണ്ഡഹാറിലും ഹെല്‍മന്ത് പ്രവിശ്യയിലും യു.എസ്. നടത്തുന്ന വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിലെ പ്രവിശ്യകളില്‍ നിന്ന് യു.എസ്. സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറിന്റെ ലംഘനമാണ് വ്യോമാക്രമണത്തിലൂടെ അമേരിക്ക ചെയ്തതെന്ന് താലിബാന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളുവെന്നും താലിബാന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ ഭരണകൂടത്തെ സഹായിച്ച് നിരവധി തവണയാണ് യു.എസ്. കാണ്ഡഹാര്‍ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Over 22,000 Afghan Families Flee From Kandahar