ന്യൂദൽഹി: സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) പഞ്ചാബ് ഘടകത്തിന്റെ ‘ചണ്ഡീഗഡ് ചലോ’ മാർച്ച് നടക്കുന്നതിന് മുന്നോടിയായി കർഷക നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. 37 കർഷക യൂണിയനുകളുടെ കൂട്ടായ്മയാണ് എസ്.കെ.എം.
എസ്.കെ.എം നേതാക്കളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് അർദ്ധരാത്രി അറസ്റ്റ് നടന്നത്. കൂടിക്കാഴ്‌ച്ചയ്ക്കിടെ ഒരു പ്രകോപനമില്ലാതെ മുഖ്യമന്ത്രി ഇറങ്ങിപോവുകയായിരുന്നെന്ന് കർഷക സംഘടന പറഞ്ഞു.
‘തിങ്കളാഴ്ച വൈകുന്നേരം, മുഖ്യമന്ത്രി എസ്.കെ.എം നേതാക്കളുമായുള്ള യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് ഫിറോസ്പൂരിലെ എന്റെ വീട്ടിലെത്തി എന്നെ തടങ്കലിൽ ആക്കി,’ ക്രാന്തികാരി കിസാൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗുർമീത് സിങ് മെഹ്മ പറഞ്ഞു.
മെഹ്മയെ കൂടാതെ, ക്രാന്തികാരി കിസാൻ യൂണിയൻ നേതാക്കളായ ജംഗ്‌വീർ സിങ് ചൗഹാൻ, മഞ്ജീത് രാജ്, സുർജീത് സിങ് എന്നിവരെ യഥാക്രമം തണ്ട, ബർണാല, മോഗ എന്നിവിടങ്ങളിൽ തടഞ്ഞുവെച്ചതായും റിപ്പോർട്ട് ഉണ്ട്.
ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) ഉഗ്രഹന്റെ പ്രസിഡന്റ് ജോഗീന്ദർ സിങ് ഉഗ്രഹന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ബി.കെ.യു രാജേവാളിന്റെ ജനറൽ സെക്രട്ടറി മഹേഷ് ചന്ദർ ശർമ, ബി.കെ.യു. ലഖോവാൾ പ്രസിഡന്റ് ഹരീന്ദർ സിങ് ലഖോവാൾ എന്നിവരെ യഥാക്രമം ലുധിയാനയിലെയും മൊഹാലിയിലെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
‘എസ്.കെ.എം നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബ് മുഖ്യമന്ത്രി കർഷക നേതാക്കളുമായുള്ള യോഗത്തിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയി. ഞങ്ങളുടെ ആവശ്യങ്ങളൊന്നും അവർ നടപ്പിലാക്കിയിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം, ഞങ്ങളെ അറസ്റ്റ് ചെയ്യാൻ ഞങ്ങളുടെ വീടുകളിലേക്ക് പൊലീസിനെ അയയ്ക്കുകയാണ് അവർ ചെയ്യുന്നത്,’ ലഖോവാൾ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ബത്തിൻഡയിലെ തന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും കർഷകർ സ്ഥലത്ത് തടിച്ചുകൂടിയതിനാൽ തിരികെ പോകാൻ നിർബന്ധിതരായിയെന്ന് ബി.കെ.യു ഉഗ്രഹൻ നേതാവായ ഗുലാബ് സിങ് പറഞ്ഞു.
മുൻ ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ തന്റെ എക്സ് പോസ്റ്റിലൂടെ സംഭവവികാസങ്ങളെ അപലപിച്ചു. കർഷക നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്തതിന് പഞ്ചാബിലെ മുഖ്യമന്ത്രിയെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇത്തരം അപമാനകരമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ആം ആദ്മി സർക്കാർ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി സംയുക്ത കിസാൻ മോർച്ച മുഖ്യമന്ത്രി ഭഗവന്ത് മാനെ കണ്ട് 18 ആവശ്യങ്ങളുന്നയിച്ചു, അതിൽ 17 എണ്ണം സംസ്ഥാനതല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്.
കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂടിനെ തുടക്കത്തിൽ പിന്തുണച്ചിരുന്ന മുൻ അകാലിദൾ, കോൺഗ്രസ് സർക്കാരുകൾ കാർഷിക ഉത്പന്ന വിപണി സമിതി നിയമത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കാൻ പഞ്ചാബ് സർക്കാർ ഒരു പ്രമേയം പാസാക്കണം.
കർഷക സംഘടനകളിൽ നിന്നുള്ള നിർദേശങ്ങൾ സർക്കാർ കാർഷിക നയത്തിൽ ഉൾപ്പെടുത്തുകയും അത് നടപ്പിലാക്കുകയും വേണം. പാരമ്പര്യമായി കുടിയാൻമാരായ കർഷകരെയും ഭൂവുടമകളെയും അവരുടെ ഭൂമിയിൽ നിന്ന് കുടിയിറക്കുന്നത് സർക്കാർ നിർത്തിവെക്കുകയും അവർക്ക് ഉടമസ്ഥാവകാശം നൽകുകയും വേണം തുടങ്ങിയവയാണ് കർഷകർ ചർച്ചയിൽ മുന്നോട്ട് വെച്ച കാര്യങ്ങൾ.
Content Highlight: Over 200 farmer leaders detained in Punjab ahead of ‘Chandigarh Chalo’ protest