| Sunday, 18th June 2023, 1:44 pm

രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി; മുതലാളിത്ത കൂട്ടുകെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ യുവതയുടെ പ്രതീക്ഷകള്‍ ചവിട്ടിമെതിക്കുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ (പി.എസ്.യു) നിന്ന് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ ലക്ഷക്കണക്കിന് യുവതയുടെ പ്രതീക്ഷകളാണ് ചവിട്ടിമെതിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അഭിമാനമായിരുന്നെന്നും ഓരോ യുവാക്കളുടെയും തൊഴില്‍ സ്വപ്‌നമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. എല്ലാ യുവാക്കളുടെയും തൊഴില്‍ സ്വപ്നമായിരുന്നു. എന്നാല്‍, ഇന്ന് ഇതൊന്നുമല്ല സര്‍ക്കാരിന്റെ മുന്‍ഗണന.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലവസരം 2014ലെ 16.9 ലക്ഷത്തില്‍ നിന്നും 14.6 ലക്ഷമായി കുറഞ്ഞു.

ഒരു പുരോഗമന രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുമോ? ബി.എസ്.എന്‍.എലില്‍ 1,81,127, എസ്.ഐ.എലില്‍ 61,928, എം.ടി.എന്‍.എലില്‍ 34,997, എസ്.ഇ.സി.എലില്‍ 29,140, എഫ്.സി.ഐയില്‍ 28,063, ഒ.എന്‍.ജി.സിയില്‍ 21,120 വീതവും തൊഴിലവസരങ്ങള്‍ കുറഞ്ഞു.

ഓരോ വര്‍ഷവും 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ 2 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ സ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങള്‍ ഏകദേശം ഇരട്ടിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ ജീവനക്കാരുടെ വര്‍ധനവ് ഭരണഘടനാപരമായ സംവരണാവകാശം ഇല്ലാതാക്കുമെന്നും കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയാണോ ഇതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

വ്യവസായികളുടെ കടം എഴുതിത്തള്ളുന്നുവെന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വ്യവസായികളുടെ കടം എഴുതിത്തള്ളുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കുന്നു. എന്ത് തരം ‘അമൃത് കാലം’ ആണിത്.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുകയാണെങ്കില്‍ സമ്പദ്‌വ്യവസ്ഥയും തൊഴിലവസരവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെയും നാട്ടുകാരുടെയും സ്വത്താണ്, ഇന്ത്യയുടെ പുരോഗതിയുടെ പാത ശക്തിപ്പെടുത്തുന്നതിന് അവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

content highlights: Over 200,000 jobs were eliminated; Center govt tramples hopes of youth in capitalist alliance: Rahul Gandhi

We use cookies to give you the best possible experience. Learn more