ഗസയിലെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തുടർന്ന് ഇസ്രഈൽ; യുദ്ധ ഭൂമിയിൽ നിന്ന് കാണാതായത് 20,000ത്തിലധികം കുട്ടികൾ
World News
ഗസയിലെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തുടർന്ന് ഇസ്രഈൽ; യുദ്ധ ഭൂമിയിൽ നിന്ന് കാണാതായത് 20,000ത്തിലധികം കുട്ടികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 8:22 am

ജെറുസലേം: ഗസയില്‍ നിന്ന് ഏകദേശം 21,000 കുട്ടികളെ കാണാതായതായി ബ്രിട്ടീഷ് സഹായ സംഘടനയായ സേവ് ദി ചില്‍ഡ്രന്റെ റിപ്പോര്‍ട്ട്. യുദ്ധത്തിനിടെ കാണാതായ കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയോ, കൂട്ടക്കൊല ചെയ്യപ്പെട്ടതോ, കാണാതായതോ ആകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗസയിലെ നിലവിലെ സാഹചര്യങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും പരിശോധന നടത്തുന്നതും ഏതാണ്ട് അസാധ്യമായ കാര്യമാണ്. എന്നാല്‍ 17,000 കുട്ടികളെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏകദേശം 4,000 കുട്ടികളെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. ബാക്കിയുള്ള കുട്ടികള്‍ കൂട്ടക്കുഴിടമാടങ്ങളില്‍ അടക്കപ്പെട്ടിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ 14,000ത്തിലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി കുഞ്ഞുങ്ങള്‍ കടുത്ത പോഷകാഹാരക്കുറവും അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് കരയാന്‍ പോലും ശക്തിയില്ലെന്നാണ് യുനിസെഫ് ഈ വര്‍ഷം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗസയിലെ യുദ്ധത്തില്‍ ഇതുവരെ 37,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇവയില്‍ കൂടുതലും സത്രീകളും കുട്ടികളുമാണ്.

ജൂണ്‍ ഒന്‍പത് വരെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 250 ഓളം ഫലസ്തീന്‍ കുട്ടികളെ കാണാതായിട്ടുണ്ടെന്നും സേവ് ചില്‍ഡ്രനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസയിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് മിഡില്‍ ഈസ്റ്റിലെ സേവ് ദി ചില്‍ഡ്രന്‍സ് റീജിയണല്‍ ഡയറക്ടര്‍ ജെറമി സ്‌റ്റോണര്‍ പറഞ്ഞു.

‘തങ്ങളുടെ പ്രിയപ്പെട്ടവര്‍ എവിടെയാണെന്നറിയാതെ കുടുംബങ്ങള്‍ വേദന അനുഭവിക്കുകയാണ്. ഒരു രക്ഷിതാവിനും തങ്ങളുടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് കൂട്ടക്കുഴിമാടങ്ങള്‍ കുഴിച്ച് നോക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ഒരു കുട്ടിയും ഒറ്റയ്ക്കാകരുത്. ഒരു കുട്ടിയെയും തടവിലാക്കാനോ ബന്ദിയാക്കാനോ പാടില്ല,’ ജെറമി സ്‌റ്റോണര്‍ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധസമയത്ത് പോലും കാണാത്ത തലത്തിലുള്ള കാര്യങ്ങളാണ് ഗസയില്‍ കാണുന്നതെന്ന് കുട്ടികളുടെ അവകാശ സംഘടനയായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്റെ ജനറല്‍ ഡയറക്ടര്‍ ഖാലിദ് ഖുസ്മര്‍ അല്‍ ജസീറയോട് പറഞ്ഞു.

‘ഇത് കുട്ടികള്‍ക്കെതിരായ യുദ്ധമാണ്. ഗസയിലെ ഇസ്രഈല്‍ വംശഹത്യയുടെ വലിയ വിലയാണ് ഗസയിലെ കുട്ടികള്‍,’ കുസ്മര്‍ പറഞ്ഞു.

അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് ഫലസ്തീൻ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇസ്രഈൽ തുടരുകയാണെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ ഏഴ് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ടുപോയെ്നനാണ് റിപ്പോർട്ട്.

അൽ-ഖലീൽ നഗരത്തിനടുത്തുള്ള ബെയ്ത് ഉമ്മർ പട്ടണത്തിൽ നിന്നുള്ള മൂന്ന് കുട്ടികളെ ഇസ്രഈൽ സൈനിക കോടതി തടങ്കലിലാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Over 20,000 children buried, trapped, detained, lost amid Gaza war