| Wednesday, 9th February 2022, 10:11 am

ആറ് മാസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 2400 സ്ത്രീകള്‍; കുറ്റം ചാര്‍ത്തപ്പെടുന്നത് പീഡനം നേരിട്ട പെണ്‍കുട്ടികള്‍ക്ക് മേല്‍; പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാനില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നും നിരന്തരം ആക്രമിക്കപ്പെടുന്നതായും തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2439 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായാണ് പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നത്.

ആറ് മാസക്കാലയളവില്‍ കുടുംബത്തിന്റെ ദുരഭിമാനത്തിന്റെ പേരില്‍ പ്രവിശ്യയില്‍ 90 പേര്‍ കൊല ചെയ്യപ്പെട്ടതായും കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.

പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 400 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായും 2,300ലധികം പേരെ തട്ടിക്കൊണ്ടുപോയതായും പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പറയുന്നു.

പാകിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് ഒരു ദിവസം ശരാശരി 11 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായാണ് പറയുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ (2015-2021) 22,000ലധികം പീഡനക്കേസുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം കേസുകളിലെല്ലാം, പീഡനം നേരിട്ട പെണ്‍കുട്ടികള്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തുകയും അക്രമികള്‍ക്ക് ന്യായീകരണവും ആനുകൂല്യവും നല്‍കുകയും ചെയ്യുന്ന ഒരു രീതി സമൂഹത്തില്‍ കാണുന്നുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന് പകരം കുത്തനെ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും, ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ആകെ ഒരു ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

20,000 കേസുകളില്‍ ആകെ 77 പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇത് 0.3 ശതമാനം മാത്രമാണ്.

കഴിഞ്ഞയാഴ്ച, ലാഹോറിന് സമീപമുള്ള സര്‍ഗോധ ജില്ലയില്‍ യുവാവ് തന്റെ സഹോദരിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യുവതി ഗ്യാങ് റേപ്പ് നേരിട്ടതിന് പിന്നാലെയായിരുന്നു സഹോദരന്‍ ഇവരെ കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ ദുരഭിമാനത്തിന്റെ പേരിലായിരുന്നു ഇയാള്‍ സഹോദരിയെ കൊലപ്പെടുത്തിയത്.

ജനസംഖ്യാനുപാതത്തില്‍ നോക്കുമ്പോള്‍, ലോകത്ത് ഏറ്റവുമധികം ദുരഭിമാന കൊലകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍.


Content Highlight: Over 2,400 women raped in Pakistan’s Punjab province in 6 months, blame fall on victims

Latest Stories

We use cookies to give you the best possible experience. Learn more