ഹരാരെ: ഇദായ് ചുഴലിക്കാറ്റിൽ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോർട്ട്. മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെന്നാണ് കണക്കുകൾ പറയുന്നതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് മരണ സംഖ്യ ഉയരുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപി ന്യുസി വ്യക്തമാക്കി. നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും താൻ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
Also Read പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ട സംഭവം; മുഖ്യ പ്രതി പിടിയില്‍
മൊസാംബിക്ക്, സിംബാബ്‌വെ അതിർത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാർത്താവിതരണ സംവിധാനങ്ങൾ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റിൽ മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു.
26 ലക്ഷത്തോളം പേരെ ഇതിനോടകം ഇദായ് ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും വിലയിരുത്തുന്നു. കാറ്റും ശക്തമായ മഴയും രക്ഷാപ്രവർത്തനം ശ്രമകരമാക്കിയിരിക്കുകയാണ്. സിംബാബ്വെൻ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാൻ പിടിക്കുന്നുണ്ട്. പ്രകൃതി ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ സംഘം എത്തിയാൽ മാത്രമേ നാശം വ്യക്തമാകൂ. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ “ദ ഗാർഡിയൻ” പത്രം പുറത്ത് വിട്ടിട്ടുണ്ട്.