13 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യ, 28 ലോക്‌സഭ സീറ്റുകള്‍; കര്‍ണാടകയില്‍ ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥി
national news
13 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യ, 28 ലോക്‌സഭ സീറ്റുകള്‍; കര്‍ണാടകയില്‍ ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 3:15 pm

ബെംഗളൂരു: 13 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള കര്‍ണാടകയില്‍ മൂന്ന് പ്രബല പാര്‍ട്ടികളില്‍ നിന്നുമായി ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥി. ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂര്‍ അലി ഖാനാണ് 28 ലോക്‌സഭ സീറ്റുകളുള്ള കര്‍ണാടകയില്‍ നിന്നും ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥി.

മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരെ നുഴഞ്ഞുകയറ്റക്കാരെന്നും കുട്ടികളെ ഉണ്ടാക്കുന്നവരെന്നും പറഞ്ഞ് അധിക്ഷേപിക്കുക വഴി പ്രധാനമന്ത്രിയുടെ വര്‍ഗീയ രാഷ്ട്രീയമാണ് പുറത്തായിരിക്കുന്നതെന്ന് മന്‍സൂര്‍ അലി ഖാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്നും പരാജയ ഭീതിയാണ് അദ്ദേഹത്തിന്റെ ഇത്തരം പരമാര്‍ശങ്ങള്‍ക്ക് പിന്നിലെന്നും മന്‍സൂര്‍ അലി ഖാന്‍ പറയുന്നു.

വിലക്കയറ്റവും തൊഴിലില്ലായ്മയും മറക്കാനാണ് പ്രധാനമന്ത്രി ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് മുസ്‌ലിം വിഭാഗത്തിന് അര്‍ഹമായ പ്രാധിനിത്യമുണ്ടായിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കര്‍ണാടകയില്‍ നിന്ന് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുമില്ല. 2004ല്‍ പഴയ ഗുല്‍ബര്‍ഗയായിരുന്ന ഇന്നത്തെ കല്‍ബുര്‍ഗി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇഖ്ബാല്‍ അഹമ്മദ് സാരംഗിയാണ് കര്‍ണാടകയില്‍ നിന്ന് അവസാനമായി പാര്‍ലമെന്റിലെത്തിയ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാള്‍.

2004 മുതല്‍ ഈ തെരഞ്ഞെടുപ്പ് വരെ ബി.ജെ.പി മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്ക് പോലും സീറ്റ് നല്‍കിയിട്ടില്ല. ഇക്കാലയളവില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എന്നീ പാര്‍ട്ടികളില്‍ നിന്നായി 11 പേര്‍ക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്.

content highlights: Over 13 percent Muslim population, 28 Lok Sabha seats; The only Muslim candidate in Karnataka