| Thursday, 1st February 2018, 10:33 pm

പിന്നോക്കമേഖലകളില്‍ എഞ്ചിനീയറിങ് പഠിപ്പിക്കാനായി ഐ.ഐ.ടി, എന്‍.ഐ.ടി ബിരുദധാരികളായ 1,200 പേര്‍; ഇത്തരം പദ്ധതി രാജ്യത്ത് ആദ്യമെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഐ.ടികളും ഐ.ഐ.ടികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള 1,200 ബിരുദധാരികളെ രാജ്യത്തെ പിന്നോക്ക മേഖലകളില്‍ എഞ്ചിനീയറിങ് പഠിപ്പിക്കുന്നതിനായി തെരഞ്ഞടുത്തു. രാജ്യത്തെ 11 സംസ്ഥാനങ്ങളിലായുള്ള പിന്നോക്ക മേഖലകളിലാണ് ഇവര്‍ പഠിപ്പിക്കാനെത്തുക. മാനവവിഭവശേഷി മന്ത്രാലയമാണ് ഇവരെ തെരഞ്ഞെടുത്തത്.

കോളേജ് അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ കേന്ദ്രം നേരിട്ട് ഇടപെട്ട ഇത്തരത്തിലുള്ള പദ്ധതി രാജ്യത്ത് ആദ്യമായാണ്. കേന്ദ്രത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലല്ല ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ പഠിപ്പിക്കാനെത്തുക. ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍, ഐ.ഐ.ഐ.ടി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് എം.ടെക്, പി.എച്ച്.ഡി എന്നിവ കരസ്ഥമാക്കിയവരെയാണ് തെരഞ്ഞെടുത്തത്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ 53 എഞ്ചിനീയറിങ് കോളേജുകളിലായി വിന്യസിക്കപ്പെടും. ആസാം, ജമ്മു കശ്മീര്‍, ഒഡിഷ, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ അന്തമാന്‍-നിക്കോബര്‍ ദ്വീപുകളിലുമായുള്ള എഞ്ചിനീയറിങ് കോളേജുകളിലേക്കായാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതിമാസം 70,000 രൂപയാണ് ഇവരുടെ ശമ്പളം. ഇതിനായി 375 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്നും മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

“പിന്നോക്ക മേഖലകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എത്തിക്കാനുള്ള ഇത്തരമൊരു പദ്ധതി ആദ്യമാണ്. രാജ്യത്തെ ഒരുലക്ഷം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. പിന്നോക്ക മേഖലകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചപ്പോള്‍ ഉയര്‍ന്ന യോഗ്യതയുള്ള 5,000 പേരാണ് അപേക്ഷിച്ചത്.” -ജാവദേക്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more