ബംഗളൂരുവിലെ പീനീയ വ്യവസായ മേഖലയില്‍ അടച്ചുപൂട്ടാനൊരുങ്ങി 10000ലധികം വ്യവസായ സ്ഥാപനങ്ങള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ മേഖലയായ ഇവിടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ നഷ്ടപ്പെടുക 15 ലക്ഷം തൊഴിലാളികളുടെ ജോലിയാണ്.
80കളിലും 90കളിലും രാജ്യത്തെ വിവിധ ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്കാണ് തൊഴില്‍ അന്വേഷിച്ച് വന്നിരുന്നത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ ലഭിച്ചത് പീനിയ ചെറുതും ഇടത്തരവും വലുതുമായ വ്യവസായ സ്ഥാപനങ്ങളിലാണ്.
രണ്ട് മാസത്തിനുള്ളില്‍ ഇവിടത്തെ സ്ഥാനപങ്ങള്‍ക്ക് നഷ്ടമായത് 70%ത്തോളം വരുമാനമാണ്. വലിയ സ്ഥാപനങ്ങളുടെ വില്‍പ്പന 60%ത്തോളം നഷ്ടപ്പെട്ടു. ചെറുകിട സ്ഥാപനങ്ങളില്‍ ഇത് 90%ത്തോളമാണ്. നാല് മാസം മുന്‍പ് 15 ലക്ഷം രൂപ മാസം കച്ചവടം നടന്ന പല സ്ഥാപനങ്ങളിലും 3 ലക്ഷം രൂപയാണ് കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ചത്.
ടെക്‌സ്‌റ്റൈല്‍, ആട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ്, ഫാബ്രിക്കേഷന്‍, പാക്കേജിംഗ്, പൗഡര്‍ കോട്ടിംഗ്, ഇലക്ടോപ്ലേറ്റിംഗ് വ്യവസായങ്ങളാണ് ഇവിടെ കൂടുതല്‍. ഈ സ്ഥാപനങ്ങളാണ് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത്.
ആറ് മണിക്കൂര്‍ തൊഴിലാണ് ഇപ്പോള്‍ ഒരു തൊഴിലാളിക്ക് ലഭിക്കുന്നുള്ളൂ. ശനിയാഴ്ചയും ഞായറാഴ്ചയും നിര്‍ബന്ധമായും അവധി ദിനങ്ങളാക്കി. നാല് ലക്ഷം സ്ത്രീകള്‍ അടക്കം 15 ലക്ഷം തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇപ്പോള്‍. ഇവരെ ആശ്രയിച്ച് കഴിയുന്നത് ആയിരക്കണക്കിന് കുടുംബങ്ങളും.