സയ്ഫയ്: 150ഓളം മെഡിക്കല്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചൊവ്വാഴ്ചയാണ് സംഭവം.
റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികര്‍ക്കു മുന്നില്‍ ഭക്തിയോടെ വണങ്ങുകയും മൊട്ടയടിച്ച ശേഷം വരിവരിയായി നടന്നുപോവുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോ ശ്രദ്ധയില്‍പെട്ടെന്നും സംഭവത്തില്‍ പ്രത്യേകസംഘം പരിശോധിച്ച് ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്‌തെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ പറഞ്ഞു.
‘ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ബോധമുണ്ടാക്കാന്‍ പ്രത്യേക ഡീനിന്റെ സേവനം നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു റാഗിംഗ് വിരുദ്ധ സമിതിയുണ്ട്. റാഗിംഗ് നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ പ്രത്യേക സംഘം സര്‍വകലാശാലയിലെ എല്ലായിടത്തും പരിശോധന നടത്തും. വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ റാഗിംഗ് വിരുദ്ധ സമിതിയിലോ അവരുടെ വാര്‍ഡന്റെ അടുത്തോ നല്‍കാം.’- രാജ്കുമാര്‍ പറഞ്ഞു.
വെള്ള കോട്ട് ധരിച്ച വിദ്യാര്‍ഥികള്‍ ചെറു ഗ്രൂപ്പുകളായി ഒരു ഫയല്‍ കൈയില്‍പിടിച്ച് നടന്നുപോവുന്നത് വീഡിയോയില്‍ കാണാമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചതായും കാണുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടാമത്തെ വീഡിയോയില്‍ വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സല്യൂട്ട് ചെയ്യുന്നതായി കാണാം. മൂന്നാമത്തെ വീഡിയോയില്‍ സുരക്ഷാ ജീവനക്കാരന്‍ റാഗിംഗ് തടയാന്‍ ശ്രമിക്കാതെ നില്‍ക്കുന്നതും കാണാമെന്നും എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു ഭീതിയും കൂടാതെ പഠിക്കാം. കുറ്റവാളികളെയെല്ലാം മാതൃകാപരമായി ശിക്ഷിക്കും. ആദ്യഘട്ടത്തില്‍ ഉത്തരവാദികളെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരും സമാജ്‌വാദി പാര്‍ട്ടി നേതാക്കളുമായ മുലായം സിങ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും ഗ്രാമമാണ് സയ്ഫയ്. മുലായം സിങ് യാദവിന്റെ ഭരണകാലത്താണ് സര്‍വകലാശാല സ്ഥാപിച്ചത്.
അതേസമയം, കഴിഞ്ഞ മാസം ഹൈദരാബാദുള്ള 14കാരന്‍ സഹപാഠികളുടെ റാഗിങിനിരയായി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ചില്‍ തമിഴ്നാട് സ്വദേശികളായ രണ്ടു കോളജ് വിദ്യാര്‍ഥികളും റാഗിംഗ് കാരണം ആത്മഹത്യ ചെയ്തിരുന്നു.
ഇന്ത്യയില്‍ തന്നെ റാഗിങ് കേസുകള്‍ ഈയിടെ വര്‍ധിച്ചുവരികയാണ്. 2015ല്‍ 423 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ 901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞിരുന്നു.
ALSO WATCH