[]ന്യൂദല്‍ഹി: വഡോദരയിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 140പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.
വ്യാഴാഴ്ചയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വഡോദരയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. സിറ്റി പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള ഫത്തേപൂര്‍ മേഖലയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം.
രാത്രി ഒരുമണിക്കാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സുനില്‍ രാഹില്‍ജിയെന്നയാളുടെ പോസ്റ്റാണ് പ്രശ്‌നങ്ങള്‍ക്കാധാരം. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
സംഭവുമായി ബന്ധപ്പെട്ട് രാഹുല്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.പി.സി സെക്ഷന്‍295എ പ്രകാരവും ഐ.ടി ആക്ട് 65,66 പ്രകാരവും ഉള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
മതസൗഹാര്‍ദ്ദം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ജി പോലീസിനോട് പറഞ്ഞത്. രണ്ട് മതവിഭാഗങ്ങളെ സൂചിപ്പിക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയോടെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 140പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.
” ഊഹാപോഹ പ്രചരണങ്ങളും തെറ്റിദ്ധാരണകളുമാണ് ഇവിടുണ്ടായ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം” അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.കെ നന്ദ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചുവെന്ന ആരോപണം അദ്ദേഹം തള്ളി.