ശ്രീനഗര്‍: കശ്മീരില്‍ കര്‍ഫ്യൂ തുടരവെ സുരക്ഷാ സേന പിന്തുടരുന്നത് കണ്ട് ഝലം നദിയില്‍ ചാടി യുവാവ് മരണപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട്. വെടിയേറ്റിട്ടും പ്രക്ഷോഭത്തിനിടെ അല്ലാതെ പരിക്കുകളേറ്റിട്ടും ആറ് യുവാക്കളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എ.എഫ്.പി റിപ്പോര്‍ട്ട്.
രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളുമുള്‍പ്പെടെ നൂറോളം പേര്‍ അറസ്റ്റിലാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രി വീട്ടുതടങ്കലിലാക്കിയ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുള്ളയെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. മറ്റുള്ള നേതാക്കളെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
അറസ്റ്റ് ചെയ്ത നേതാക്കളെ ശ്രീനഗറിലെ ഹരി നിവാസിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
രണ്ട് ദിവസമായി ഇന്റര്‍നെറ്റ് വാര്‍ത്താ വിതരണ സംവിധാനങ്ങളെല്ലാം തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൃത്യം വിവരങ്ങളൊന്നും ലഭിയ്ക്കുന്നില്ല. ഒ.ബി വാനുകളും സാറ്റ്‌ലൈറ്റ് സംവിധാനങ്ങളുമുള്ള ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തേക്ക് വരുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്കടക്കം കടുത്ത സഞ്ചാര സ്വാതന്ത്ര്യം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.