| Saturday, 1st January 2022, 1:49 pm

മഹാരാഷ്ട്രയില്‍ പത്ത് മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാരാഷ്ട്രയില്‍ പത്ത് മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയില്‍ 8,067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അജിത് പവാര്‍ അറിയിച്ചത്.

വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തതിനേക്കാള്‍ 50 ശതമാനം കൂടുതല്‍ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചതായി അജിത് പവാര്‍ പറഞ്ഞു.

‘ഇതുവരെ 10ലധികം മന്ത്രിമാര്‍ക്കും 20ലധികം എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുവത്സരവും ജന്മദിനങ്ങളും മറ്റ് വിശേഷദിവസങ്ങളുമെല്ലാം ആഘോഷിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ കൊവിഡിന്റെ പുതിയ വേരിയന്റായ ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. അതിനാല്‍ ജാഗ്രത ആവശ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയും ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ മുംബൈയിലും പൂനെയിലും കേസുകള്‍ വര്‍ദ്ധിക്കുകയാണ്.

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും’ പവാര്‍ പറഞ്ഞു.

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വരാതിരിക്കാന്‍ ജനങ്ങളെല്ലാവരും സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

ഡിസംബറിലെ അവസാന ആഴ്ചയോടെയാണ് മഹാരാഷ്ട്രയില്‍ പുതിയ പ്രതിദിന കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയര്‍ന്നു തുടങ്ങിയത്.

മഹാരാഷ്ട്രയില്‍ 8,067 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 50 ശതമാനം കൂടുതലാണിത്. വെള്ളിയാഴ്ച എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയില്‍ വെള്ളിയാഴ്ച 5,631 പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. വ്യാഴാഴ്ചത്തേക്കാള്‍ 2,000 കേസുകളുടെ വര്‍ധനയാണ് ഉണ്ടായത്.

പൂനെയില്‍, 412 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം വെള്ളിയാഴ്ച കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിലെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Over 10 Ministers, 20 MLAs In Maharashtra Test Positive

We use cookies to give you the best possible experience. Learn more