national news
വിദേശ ജയിലുകളില്‍ 10000ത്തിലധികം ഇന്ത്യന്‍ തടവുകാര്‍; ഏറ്റവും കൂടുതല്‍ സൗദിയിലും യു.എ.ഇയിലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 11:59 am
Sunday, 9th February 2025, 5:29 pm

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 10000ത്തിലധികം ഇന്ത്യക്കാരായ തടവുകാരുണ്ടെന്ന് റിപ്പോര്‍ട്ട്. വിചാരണ തടവുകാര്‍ ഉള്‍പ്പെടെ 10152 പേര്‍ വിദേശജയിലുകളില്‍ ഉണ്ടെന്നാണ് കണക്ക്.

സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, നേപ്പാള്‍, പാകിസ്ഥാന്‍, യു.എസ്, ശ്രീലങ്ക, സ്‌പെയിന്‍, റഷ്യ, ഇസ്രഈല്‍, ചൈന, ബംഗ്ലാദേശ്, അര്‍ജന്റീന അടക്കമുള്ള 86 രാജ്യങ്ങളിലെ ജയിലുകളിലാണ് ഇന്ത്യക്കാരായ തടവുകാരുള്ളത്.

ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പങ്കുവെച്ച തടവുകാരെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.

സൗദി അറേബ്യയിലെ ജയിലുകളില്‍ 2633 ഇന്ത്യന്‍ തടവുകാരാണ് ഉള്ളത്. യു.എ.ഇയിലെ ജയിലുകളില്‍ 2,518ഉം നേപ്പാള്‍ ജയിലുകളില്‍ 1317 തടവുകാരുണ്ട്. പാകിസ്ഥാനിലും ശ്രീലങ്കയിലും യഥാക്രമം 266ഉം 98 തടവുകാരുമാണുള്ളത്.

ഇതിനിടെ ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന് ലോക്‌സഭയില്‍ ചോദ്യം ഉയര്‍ന്നു.

വിചാരണ തടവുകാര്‍ ഉള്‍പ്പെടെ ഖത്തറിലെ ജയിലുകളില്‍ 611 ഇന്ത്യക്കാരുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. എന്നാല്‍ തടവുകാരുടെ വിവരങ്ങള്‍ ഖത്തര്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാരണത്താല്‍ തടവുകാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് സഹമന്ത്രി പറഞ്ഞു. ഫിഫ ലോകകപ്പിന് ശേഷം തടവുകാരില്‍ വര്‍ധനവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും ജാഗ്രത പാലിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കീര്‍ത്തി വര്‍ധന്‍ സിങ് പ്രതികരിച്ചു.

അതേസമയം കഴിഞ്ഞ 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുറഹീമിന്റെ മോചനത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷമായിരുന്നു കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായത്.

യമനില്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായി ഇറാന്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് അടുത്തിടെ അറിയിച്ചിരുന്നു.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

Content Highlight: Over 10,000 Indian prisoners in foreign jails; Most in Saudi and UAE