| Friday, 14th February 2020, 10:22 pm

ചൈനയില്‍ കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വ്യാപകമായി രോഗബാധ, ചൈനയ്ക്ക് പുതിയ വെല്ലുവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനയില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയേറുന്നു. മരണനിരക്കും രോഗബാധയും ഉയരുന്നതിനു പുറമെ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ രോഗം പടരുന്നതാണ് ഇപ്പോള്‍ ചൈനയെ വലയ്ക്കുന്നത്.

നിലവില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ സഹമന്ത്രിയായ സെങ്ക് യിക്‌സിന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്. ഒപ്പം വുഹാനുള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊറോണ ബാധ വ്യാപകമാവുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

‘മെഡിക്കല്‍ ജീവനക്കാരുടെ ജോലി ഇപ്പോള്‍ കഠിനമാണ്. അവരുടെ പ്രവൃത്തനവും വിശ്രമവുമൊക്കെ പരിമിതമായ സാഹചര്യത്തിലാണ്. അവര്‍ മാനസികമായി അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഏറെയാണ്. ഒപ്പം വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്,’ സെങ്ക് യിക്‌സിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആറു മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ മൂലം ഇതുവരെ ചൈനയില്‍ മരിച്ചത്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് സുരക്ഷയ്ക്കായി മാസ്‌കുകളും മറ്റും നല്‍കുന്നതില്‍ ലോക്കല്‍ അതോറിറ്റികള്‍ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.

തന്റെ ഒപ്പം ജോലി ചെയ്യുന്ന 16 സഹപ്രവര്‍ത്തകര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടാണ് ചൈനയിലെ ഒരു ഡോക്ടര്‍ എ.എഫ്.പിയോട് പ്രതികരിച്ചത്.

ഫെബ്രുവരി ആദ്യം കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍ കൊറോണ മൂലം മരണപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ ഇതു വരെ 1381 പേര്‍ കൊറോണ മൂലം മരണപ്പെട്ടു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കു പ്രകാരം 63,922 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more