ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകക്ക് ഒരു വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചനം
Worldnews
ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകക്ക് ഒരു വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 4:37 pm

 

റിയാദ് : ഈജിപ്ഷ്യൻ മാധ്യമപ്രവർത്തക റാനിയ അൽ അസ്സലിന് ഒരു വർഷത്തെ തടവിനു ശേഷം സൗദി ജയിലിൽ നിന്ന് മോചനം. യെമനെതിരായ സൗദി അറേബ്യയുടെ യുദ്ധത്തെയും ഇസ്രഈലിന്റെ ഫലസ്തീൻ അധിനിവേശത്തെയും വിമർശിച്ച ഈജിപ്ഷ്യൻ പത്രപ്രവർത്തകയാണ് ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം സൗദി തടവിൽ നിന്ന് മോചിതയായത്.

കഴിഞ്ഞ മാർച്ചിൽ വിശുദ്ധ നഗരമായ മക്കയിൽ തീർഥാടനത്തിനിടെ കാണാതായ റാനിയ അൽ അസ്സലിനെ സൗദി അറേബ്യ തടവിലാക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.

‘ഞാൻ സൗദി ജയിലിൽ നിന്ന് മോചിതനായി. ശാരീരികമോ മാനസികമോ ആയ ഒരു ഉപദ്രവത്തിനും ഞാൻ വിധേയയായിട്ടില്ല. എന്റെ വിശ്വാസങ്ങൾക്കായി പോരാടുന്നത് ഞാൻ തുടരും’ അവർ എക്‌സിൽ കുറിച്ചു.


കഅബയുടെ അടുത്തുള്ള മസ്ജിദുൽ ഹറമിന്റെ ഒരു കവാടത്തിന് സൗദി രാജാക്കന്മാരുടെ പേര് നൽകിയതിനെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അവർ ചോദ്യം ചെയ്തിരുന്നു.

സൈനിക ആക്രമണത്തിലൂടെ പതിനായിരക്കണക്കിന് യെമനികളെ കൊന്നൊടുക്കിയ സൗദിയേയും അതിന്റെ സഖ്യകക്ഷിയായ യുണൈറ്റഡ് അറബ് എമിറേറ്റ്സിനേയും പരസ്യമായി അവർ വിമർശിച്ചിരുന്നു. ഇസ്രാഈൽ ഭരണകൂടത്തിന്റെ ഫലസ്തീനിലെ അധിനിവേശത്തെയും അൽ-അസ്സൽ അപലപിച്ചിരുന്നു. ഇതെല്ലാമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

കാണാതായതിന് ശേഷം സൗദി അറേബ്യയിലെ സുരക്ഷാ സേന അവരെ അറസ്റ്റ് ചെയ്തെന്നും അജ്ഞാത സ്ഥലത്തേക്ക് മാറ്റിയെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 2023 ഫെബ്രുവരി 11 മുതൽ രഹസ്യമായി അൽ-അസ്സലിനെ തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് ഈജിപ്തിലും ലെബനനിലുമുള്ള അൽ-അസ്സലിന്റെ സുഹൃത്തുക്കൾ പിന്നീട് വെളിപ്പെടുത്തിയത്.

Content Highlight: Outspoken Egyptian journalist freed from Saudi jail after nearly one-year incarceration