ന്യൂദല്‍ഹി: പാര്‍ലമെന്റിന് പുറത്തുനിന്നുള്ള ആളുകള്‍ എത്തി എം.പിമാരെ മര്‍ദ്ദിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍.
പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ പുറത്തുനിന്നെത്തിയവര്‍ ഒരു പ്രകോപനവുമില്ലാതെ കയ്യേറ്റം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ആദ്യമായിട്ടാണ് രാജ്യസഭയില്‍ എം.പിമാരെ തല്ലുകയും തള്ളുകയുമൊക്കെ ചെയ്യുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.
ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എം.പിമാരും വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധ പ്രകടനം.
‘ഇന്ന് ഞങ്ങള്‍ വന്നിരിക്കുന്നത് നിങ്ങളോട് സംസാരിക്കാനാണ്. പാര്‍ലമെന്റില്‍ വെച്ച് കേന്ദ്രം പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും നല്‍കിയിരുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്,’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റ് സെഷന്‍ അവസാനിച്ചിരിക്കുന്നുവെന്നും എന്നാല്‍ 60 ശതമാനത്തോളം വിഷയങ്ങളും ഇനിയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞദിവസം, വനിതാ എം.പിമാര്‍ക്ക് നേരെ നടന്ന കൈയേറ്റം ജനാധിപത്യത്തിന് നേരെയുള്ളതാണെന്നും ഈ നില്‍പ്പ് പാകിസ്താന്‍ ബോര്‍ഡറില്‍ നില്‍ക്കുന്നത് പോലെ തോന്നിപ്പിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ബുധനാഴ്ച പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുന്ന സമയത്ത് മാര്‍ഷലുകളെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞുവെന്നാണ് പ്രതിപക്ഷം പറയുന്നത്. പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരിക്കലും ഇത്തരത്തില്‍ മാര്‍ഷലുകളെ ഉപയോഗിച്ച് ഒരു ബില്ല് പാസാക്കിയിട്ടില്ലെന്നും
പ്രതിപക്ഷം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് ഇക്കാര്യം അറിയിക്കും.