| Monday, 26th July 2021, 8:42 am

സ്ത്രീകള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന അവസ്ഥ; മുന്‍ പാക് അംബാസിഡറുടെ മകളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുന്‍ പാക് അംബാസിഡറിന്റെ മകളുടെ കൊലപാതകത്തില്‍ ജനരോഷം ശക്തമാകുന്നു. മുന്‍ അംബാസിഡറായിരുന്ന ഷൗക്കത്ത് മുക്കദാമിന്റെ മകള്‍ നൂര്‍ മുക്കദം ആണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

ജൂലൈ 20നാണ് നൂറിനെ ഇസ്‌ലാമാബാദിലെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറിന്റേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണമുയരുകയാണ്.

അറസ്റ്റ് ചെയ്ത പ്രതികളിലൊരാളായ സഹീര്‍ സാക്കിര്‍ നൂറിനെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇയാളുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതേതുടര്‍ന്ന് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഭരണകൂടം ഉറപ്പുനല്‍കുന്നത് എന്ന് ചോദിച്ച് ജനം തെരുവിലിറങ്ങിയിരിക്കുകയാണ്.

സംഭവത്തില്‍ പാക് ഭരണകൂടത്തെ വിമര്‍ശിച്ച് രാജ്യത്തെ മനുഷ്യവകാശ വകുപ്പ് മന്ത്രിയായ ഷിറീന്‍ മസാരി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമാണ് പാകിസ്ഥാനിലേതെന്ന് അവര്‍ പറഞ്ഞു.

‘നൂറിന്റെ കൊലപാതകം ഒരു ഓര്‍മ്മപ്പെടുത്തലാണ്. സ്ത്രീകള്‍ ഏത് നിമിഷവും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍. കൊലപാതകികള്‍ രക്ഷപ്പെടുകയും ചെയ്യും,’ മസാരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Outrage In Pakistan Over Murder Of Former Ambassador’s Daughter

We use cookies to give you the best possible experience. Learn more