| Thursday, 10th November 2022, 10:41 am

'കറുത്ത വസ്ത്രത്തില്‍ ശരീരം മൂടിയ സ്ത്രീകള്‍, തോക്കും പീരങ്കിയുമേന്തിയ പുരുഷന്മാര്‍'; ഖത്തര്‍ കളിക്കാര്‍ക്കെതിരായ വംശീയ- ഇസ്‌ലാമോഫോബിക് കാര്‍ട്ടൂണിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ, ഖത്തര്‍ ദേശീയ ടീമിന്റെ കളിക്കാരെ മോശമായി ചിത്രീകരിക്കുന്ന, വംശീയവും ഇസ്‌ലാമോഫോബിക്കുമായ ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഫ്രഞ്ച് പത്രമായ ലെ കനാര്‍ഡ് എന്‍ചൈന്‍ (Le Canard enchaîné) ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് ഖത്തര്‍ ടീമിന്റെ കളിക്കാരെ മോശമായി ചിത്രീകരിക്കുന്നത്. അറബ് വംശജരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന രീതിയിലാണ് കാര്‍ട്ടൂണുള്ളത്.

നീണ്ട താടിയുള്ള, മുഖംമൂടി ധരിച്ച, ദേഷ്യക്കാരായ, ആയുധങ്ങള്‍ (വടിവാളുകളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും) കയ്യിലേന്തിയ ആളുകളായാണ് അറബ് (ഖത്തര്‍) പുരുഷന്മാരെ കാരിക്കേച്ചറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഇതില്‍ തന്നെ പ്രശസ്തമായ 10ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ താരത്തെ ഒരു സൂയ്‌സൈഡ് വെസ്റ്റ് (suicide vest) ധരിച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷേപഹാസ്യ രൂപത്തിലുള്ള വീക്കിലിയില്‍ പ്രത്യക്ഷപ്പെട്ട ഈ കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയ യൂസേഴ്‌സിന്റെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ലോകകപ്പിന് മുന്നോടിയായി, പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് അറബികളെ, പ്രത്യേകിച്ച് ഖത്തര്‍ വംശജരെ തീര്‍ത്തും വംശീയമായി ചിത്രീകരിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കാരിക്കേച്ചറിനതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

ഖത്തര്‍ നാഷണല്‍ ലൈബ്രറി (Qatar National Library) പ്രസിഡന്റും മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റുമായ ഹമദ് അല്‍- കവാരിയും (Hamad al- Kawari) കാര്‍ട്ടൂണിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

”കുറച്ച് സ്‌പോര്‍ട്‌സ്മാന്‍ഷിപ് കാണിക്കൂ. കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളെയും ആക്ഷേപഹാസ്യത്തെയും പോലും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ Le Canard enchaîné പറയുന്നത് കള്ളമാണ്. ഖത്തറിനെ അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനും വംശീയ വിദ്വേഷം പ്രചരിപ്പിക്കാനും നുണകളിലൂടെ ശ്രമിക്കുകയാണ് അവര്‍,” ഹമദ് അല്‍- കവാരി പറഞ്ഞു.

കാര്‍ട്ടൂണിലെ ഇസ്‌ലാമോഫോബിക് കണ്ടന്റിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ കറുത്ത വസ്ത്രം കൊണ്ട് ശരീരം മൊത്തം മൂടിയവരായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഫ്രഞ്ച് പത്രത്തിന്റെ മുസ്‌ലിം വിരുദ്ധതയും വംശീയ- വിദ്വേഷ മനോഭാവവുമാണ് ഈ കാര്‍ട്ടൂണിലൂടെ വെളിപ്പെടുന്നതെന്നും പ്രതികരണങ്ങളുണ്ട്.

ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെയും എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരായ ചൂഷണങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടെ കൂടിയാണ് ഈ ‘കാര്‍ട്ടൂണ്‍ വിവാദ’വും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

ഈ മാസം അവസാനമാണ് 2022 ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറില്‍ തുടക്കമാകുന്നത്. ആതിഥേയ രാജ്യമെന്ന രീതിയില്‍ ഖത്തറും ലോകകപ്പില്‍ കളിക്കുന്നുണ്ട്.

Content Highlight: Outrage against racist and Islamophobic French cartoons depicting Qatari players and Arab people 

We use cookies to give you the best possible experience. Learn more