ആര്‍.എസ്.എസിന്റെ 'കുട്ടികടത്തി'നെ കുറിച്ച് വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഔട്ട്‌ലുക്ക് എഡിറ്ററെ മാറ്റി
Daily News
ആര്‍.എസ്.എസിന്റെ 'കുട്ടികടത്തി'നെ കുറിച്ച് വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഔട്ട്‌ലുക്ക് എഡിറ്ററെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2016, 5:47 pm

outlook

ന്യൂദല്‍ഹി:   ഹിന്ദുത്വവത്കരിക്കുന്നതിനായി ആര്‍.എസ്.എസ് കുട്ടികളെ കടത്തുന്നതായി വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഔട്ട്‌ലുക്ക് വാരിക എഡിറ്റര്‍ ഇന്‍ ചീഫ് കൃഷ്ണപ്രസാദിനെ മാറ്റി. പകരം മലയാളിയായ രാജേഷ് രാമചന്ദ്രനെയാണ് എഡിറ്ററായി നിയമിച്ചത്.

ഔട്ട്‌ലുക്കിലെ ജീവനക്കാര്‍ക്കായി ഔട്ട്‌ലുക്ക് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആന്‍ഡ് പബ്ലിഷര്‍ ഇന്ദ്രനില്‍ റോയ് അയച്ച സന്ദേശത്തിലാണ് പുതിയ എഡിറ്ററെ നിയമിച്ച വിവരമുള്ളത്. ആഗസ്റ്റ് 16 മുതല്‍ രാജേഷ് രാമചന്ദ്രന്‍ പദവിയേറ്റെടുക്കുമെന്നറിയിക്കുന്ന സന്ദേശത്തില്‍  കൃഷ്ണ പ്രസാദിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

അസമില്‍ നിന്നും കുട്ടികളെ ആര്‍.എസ്.എസ് തട്ടിക്കൊണ്ട് വരുന്നതായി ഓപ്പറേഷന്‍ ബേബി ലിഫ്റ്റ് എന്ന തലക്കെട്ടോടെയാണ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. സംഭവം പുറത്ത് കൊണ്ടുവന്ന നേഹ ദീക്ഷിത് ഇന്ദ്രനില്‍ റോയ്,  കൃഷ്ണപ്രസാദ്  എന്നിവര്‍ക്കെതിരെ ആര്‍.എസ്.എസ് പരാതിയില്‍  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നേഹ ദീക്ഷിതിനെതിരെ കയ്യേറ്റശ്രമവും നടന്നിരുന്നു.

“കുട്ടിക്കടത്ത്” സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മാഗസിനെതിരെയും മാധ്യമപ്രവര്‍ത്തര്‍ക്കെതിരെയും നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച്  മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തരും എഴുത്തുകാരുമുള്‍പ്പെടെ നൂറോളം പേര്‍ പ്രസ്താവനയിറക്കിയിരുന്നു.