| Tuesday, 1st December 2015, 1:19 pm

800 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഹിന്ദു ഭരണാധികാരി മോദി: പരാമര്‍ശം 'ഔട്ട്‌ലുക്ക്' മാഗസിന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  800 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഹിന്ദു ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാജ്‌നാഥ് സിങ് പറഞ്ഞതായുള്ള പരാമര്‍ശം “ഔട്ട്‌ലുക്ക്” മാഗസിന്‍ പിന്‍വലിച്ചു.

രാജ്‌നാഥ് സിംഗിന്റേതായി ഔട്ട് ലുക്ക് മാഗസിനില്‍ വന്ന പ്രസ്താവന പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

800 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഹിന്ദു ഭരണാധികാരി മോദിയാണെന്ന പരാമര്‍ശം നടത്തിയത് വി.എച്ച്.പി അശോക് സിംഗാള്‍ ആയിരുന്നെന്നും എന്നാല്‍ രാജ്‌നാഥ് സിങ്ങിന്റേതായാണ് പ്രസ്താവന മാഗസിനില്‍ വന്നതെന്നും തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നതായും ഔട്ട്‌ലുക്ക് ട്വിറ്ററില്‍ വിശദീകരിച്ചു.

നവംബര്‍ 16ന് പ്രസിദ്ധീകരിച്ച “ദ മിറര്‍ സ്റ്റേറ്റ്‌സ്” എന്ന് കവര്‍ സ്‌റ്റോറിയിലായിരുന്നു പ്രസ്തുത പരാമര്‍ശം വന്നത്.

പരാമര്‍ശത്തിന്റെ പേരില്‍ ഇന്നലെ ലോക്‌സഭയിലുണ്ടായ പ്രശ്‌നങ്ങളില്‍ ഖേദിക്കുന്നതായും  മനപൂര്‍വം രാജ്‌നാഥ് സിങ്ങിനേയോ പാര്‍ലമെന്റിനെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ട്വിറ്ററിലൂടെ ഔട്ട്‌ലുക്ക് മാഗസിന്‍ പറഞ്ഞു.

അസഹിഷ്ണുതയെ കുറിച്ച് ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെ ഇതുമായി ബന്ധപ്പെട്ട് ബഹളം ഉണ്ടായിരുന്നു.

സി.പി.ഐ.എം എം.പി മുഹമ്മദ് സലീം ആണ് മാഗസിനിലെ പരാമര്‍ശം ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ താന്‍ അത്തരത്തിലുള്ള ഒരു  പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തെറ്റായ പരാമര്‍ശം പിന്‍വലിച്ച് സലീം മാപ്പ് പറയണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സഭ ബഹളത്തില്‍ മുങ്ങുകയും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഖേദപ്രകടനം നടത്തി ഔട്ട് ലുക്ക് മാഗസിന്‍ തന്നെ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more