| Friday, 4th October 2024, 3:23 pm

ഹേ പ്രഭൂ, ഇതാണോ ആര്‍ക്കും പ്രെഡിക്ട് ചെയ്യാന്‍ പറ്റാത്ത സ്‌ക്രിപ്റ്റ്?

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ നിന്ന് 500 കോടിയോളം കളക്ട് ചെയ്ത വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. മങ്കാത്ത, മാനാട്, സരോജ എന്നീ ചിത്രങ്ങളൊരുക്കിയ വെങ്കട് പ്രഭുവാണ് ഗോട്ട് അണിയിച്ചൊരുക്കിയത്. 400 കോടി ബജറ്റില്‍ വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിജയ് എന്ന നടന്റെ സ്റ്റാര്‍ഡം ഒന്നുകൊണ്ട് മാത്രമാണ് ചിത്രത്തിന് ഇത്രയും വലിയ കളക്ഷന്‍ ലഭിച്ചത്.

റിലീസിന് മുമ്പ് നടന്ന ഇന്റര്‍വ്യൂവില്‍ വെങ്കട് പ്രഭു ഒരു കാര്യം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഥ ഒരു ഘട്ടത്തിലും പ്രേക്ഷകര്‍ക്ക് പിടികിട്ടില്ല എന്ന്. എന്നാല്‍ ചിത്രം ആരംഭിച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ ക്ലൈമാക്‌സ് എന്താകുമെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ട്രെയ്‌ലറില്‍ വിജയ്‌യുടെ ചെറുപ്പവും അതിനോടൊപ്പം മെട്രോ ഫൈറ്റും അണിയറപ്രവര്‍ത്തകര്‍ കാണിച്ചുവെച്ചിട്ടുണ്ട്.

ആ കഥാപാത്രം ചെറുപ്പത്തില്‍ മരിച്ചു എന്ന് സിനിമയില്‍ കാണുമ്പോള്‍ തന്നെ അടുത്തത് എന്താകുമെന്ന് വളരെ എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും മുഖാമുഖം കാണുന്ന സീന്‍ വലിയ ബില്‍ഡപ്പൊക്കെ ഇട്ട് അവതരിപ്പിച്ചപ്പോള്‍ കരിക്ക് സീരീസിലെ ‘ഫ്രഷ് ഫ്രഷേയ്’ എന്ന മീമാണ് ഓര്‍മ വന്നത്.

കമല്‍ ഹാസന്‍ എന്ന നടന്റെ മാസ് കം ബാക്ക് കാണിച്ചുതന്ന വിക്രം എന്ന സിനിമയിലെ ഇന്റര്‍വല്‍ പോലെ ഒന്ന് തനിക്കും വേണമെന്ന് വി.പിക്ക് തോന്നിയിട്ടുണ്ടാകും. എന്തിനാ അതുപോലെ ഒന്ന്, അതുതന്നെ എടുക്കാമെന്ന് ചിന്തിച്ചിട്ടാകും ഹെല്‍മറ്റ് ധരിച്ച മിസ്റ്റീരിയസ് വില്ലന്‍ ജയറാമിന്റെ കഥാപാത്രത്തെ കൊല്ലുന്ന സീന്‍ കാണിക്കുന്നത്. പിന്നീട് ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ആ കഥാപാത്രം ആരെന്ന് റിവീല്‍ ചെയ്യുമ്പോള്‍ മനസില്‍ ഓടിയ ബി.ജി.എം വിക്രത്തിലേതായിരുന്നു.

തമിഴില്‍ പല സിനിമയിലും ചതിയന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജ്മല്‍ അമീറിനെ പാവമാക്കി കാണിച്ച് പ്രഭുദേവക്ക് ആ കഥാപാത്രത്തെ കൊടുത്തത് മാത്രം പുതുമയായി തോന്നി. വില്ലന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി നായകന്‍ മനഃപൂര്‍വം ഓരോ സാഹചര്യം ഒരുക്കുന്നതും വില്ലന്റെ പ്ലാന്‍ അവനെക്കൊണ്ട് പറയിപ്പിക്കുന്നതും 90കളില്‍ തന്നെ ഔട്ട് ഓഫ് ഫാഷനായ ഏര്‍പ്പാടാണ്.

സ്വന്തം കൂട്ടുകാരി മരിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്ക് ചെന്നൈയുടെ മാച്ച് കാണാന്‍ പോയ വിജയ്‌യുടെ മകളുടെ കഥാപാത്രത്തെ പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ (ക്ലൈമാക്‌സില്‍ നായകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ എന്തെങ്കിലും വേണമല്ലോ, അതല്ലേ നാട്ടുനടപ്പ്). എല്ലാ നടന്മാരുടെയും ഫാന്‍സിന്റെ കൈയടി കിട്ടാന്‍ വേണ്ടി വിജയകാന്ത് മുതല്‍ ശിവകാര്‍ത്തികേയനെ വരെ പടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പറക്കും തളിക എന്ന സിനിമയില്‍ പറയുന്ന പോലെ ‘ഓട്ടയുള്ള ഭാഗത്ത് കൊച്ചുകൊച്ചു പൂക്കള്‍, കൊച്ചു കൊച്ച് ഇലകള്‍ എല്ലാം വെച്ച് അടക്കുന്നു’ എന്ന തരത്തിലായി ആ സീനുകള്‍. സോപ്പുപെട്ടി സീരിയലുകളിലെ വെല്ലുന്ന തരത്തില്‍ ഒരു സ്‌ക്രിപ്റ്റും തെലുങ്ക് സിനിമകളെ വെല്ലുന്ന മേക്കിങും സൈക്കോ വില്ലനാകാന്‍ വേണ്ടി വിജയ് കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളും ഉള്ള സിനിമക്ക് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ടൈറ്റില്‍ എന്തുകൊണ്ടും ചേരുന്നുണ്ട്.

Content Highlight: Outdated script of The Greatest of All Time discussing after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more