മാറുന്ന മലയാള സിനിമയും മാറാത്ത ദിലീപ് കോമഡികളും
Entertainment
മാറുന്ന മലയാള സിനിമയും മാറാത്ത ദിലീപ് കോമഡികളും
അമര്‍നാഥ് എം.
Tuesday, 30th April 2024, 7:38 pm

ഈ വര്‍ഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിനിമകളായിരുന്നു പ്രേമലുവും ആവേശവും. രണ്ട് സിനിമകളിലും നിത്യജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന അവസ്ഥകളെയാണ് കൂടുതലും തമാശരൂപത്തില്‍ അവതരിപ്പിക്കുന്നത്. ഈ രണ്ട് സിനിമകളില്‍ മാത്രമല്ല, ഈയടുത്ത് ഹിറ്റായ ഭൂരിഭാഗം കോമഡി സിനിമകളിുടെയും വിജയഫോര്‍മുല ഇതുതന്നെയാണ്. പ്രേക്ഷകന് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നതുകൊണ്ടാണ് ഇത്തരം കോമഡികള്‍ ഹിറ്റാകുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പവി കെയര്‍ടേക്കര്‍ എന്ന സിനിമയിലെ തമാശകള്‍ക്ക് 2000ല്‍ നിന്ന് വണ്ടി കിട്ടിയില്ല എന്ന് തോന്നിപ്പോകും. സ്ലാപ്സ്റ്റിക് കോമഡി എന്ന പേരില്‍ പറക്കും തളികയിലും പച്ചക്കുതിരയിലുമൊക്കെ കണ്ട, തലയില്‍ മൈദയും മുളകുപൊടിയുമെല്ലാം വിഴുന്ന ‘ഫ്രഷ് കോമഡി’യാണ് അധികവും. ഇത്തരം തമാശകള്‍ ചെയ്യുമ്പോള്‍ പ്രായാധിക്യം എടുത്തറിയുന്ന ദിലീപും മറ്റൊരു കല്ലുകടിയാണ്.

സ്ത്രീകളുടെ വസ്ത്രത്തെയെല്ലാം വെച്ച് കോമഡികള്‍ ഉണ്ടാക്കുന്നത് കാണുമ്പോള്‍ മലയാള സിനിമയില്‍ തമാശക്ക് ഇത്ര ക്ഷാമമുണ്ടോ എന്ന് തോന്നിപ്പോകും. ബോഡിഷെയ്മിങ് ജോക്കുകള്‍ അവിടവിടായി ദിലീപിന്റെ കഥാപാത്രം ഉപയോഗിക്കുന്നത് കാണുമ്പോള്‍ ബോഡിഷെയ്മിങ് നിയമവിരുദ്ധമല്ലല്ലോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് യാതൊരു കുറ്റബോധവുമില്ലാതെ പറഞ്ഞതാണ് ഓര്‍മ വന്നത്.

ഇത്തരം തട്ടിക്കൂട്ട് തമാശകള്‍ ഉള്‍പ്പെടുത്തി സിനിമ ചെയ്യുകയും അതൊക്കെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്നൊക്കെ പറയുമ്പോള്‍ മികച്ച രീതിയില്‍ മുന്നേറുന്ന മലയാള സിനിമയെ പത്ത് വര്‍ഷം കൂടി പിന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ആരും വിചാരിച്ചു പോകും. ഇനിയെങ്കിലും പ്രേക്ഷകന്റെ ആസ്വാദനനിലവാരം മാറി എന്ന ബോധ്യത്തോടെ സിനിമകള്‍ ചെയ്യുന്നതാണ് മലയാള സിനിമക്കും ദിലീപിന്റെ കരിയറിനും നല്ലത്.

Content Highlight: Outdated Comedies in Pavi Caretaker movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം