കേപ്ടൗണ്‍: ബഹുഭര്‍തൃത്വം നിയമവിധേയമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. നിലവില്‍ സ്ത്രീകള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രമേ പാടുള്ളു എന്നാണ് ദക്ഷിണാഫ്രിക്കയിലെ നിയമം. എന്നാല്‍ സ്വവര്‍ഗ വിവാഹവും ബഹുഭാര്യത്വവും രാജ്യത്ത് അനുവദിക്കുന്നുണ്ട്. ഈ വിഷയത്തില്‍ തുല്യ നീതി വേണമെന്ന ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണത്തിന് തയ്യാറാകുന്നത്.
ഒരു സ്ത്രീക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാമെന്ന നിര്‍ദേശം വെക്കുന്ന റിപ്പോര്‍ട്ടിന്റെ കരട് രേഖ ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ബഹുഭര്‍തൃത്വത്തിന് പുറമെ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം അനുവദിക്കുന്ന നിലവിലെ നിയമം തിരുത്താനും കരട് രേഖ നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം, പുതിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ യാഥാസ്ഥിതിക വിഭാഗങ്ങളും ചില മതവിഭാഗങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ എന്നത് അസ്വീകാര്യമാണെന്നും തുല്യ വിവാഹ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും നല്‍കുകയാണെങ്കില്‍ അത് സമൂഹത്തെ തകര്‍ക്കുമെന്നും പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എ.സി.ഡി.പി.) നേതാവ് കെന്നെത്ത് മെഷോ പറഞ്ഞു.
പതിയ നിയമം നടപ്പിലാക്കുകയാണെങ്കില്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ നശിപ്പിക്കുമെന്നും ഇത്തരം വിവാഹങ്ങളിലൂടെ ഉണ്ടാകുന്ന മക്കളുടെ കാര്യമെന്താകുമെന്നും അവരുടെ ഐഡന്റിറ്റി എങ്ങനെ തിരിച്ചറിയുമെന്നും നാലു ഭാര്യമാരുള്ള റിയാലിറ്റി ഷോ താരം മൂസാ മെസലുകു പറഞ്ഞു.
എന്നാല്‍, വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും പുതിയ നിയമ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍
വാക്കുയുദ്ധമായി മാറിയിരിക്കുന്നത് ഖേദകരമാണെമന്നും ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രി ആരോണ്‍ മോത്സോലെഡി പറഞ്ഞു.