| Sunday, 25th August 2019, 8:09 pm

ബുലന്ദ്ശഹറില്‍ കലാപം അഴിച്ചുവിട്ടവര്‍ ജാമ്യത്തിലിറങ്ങി; ജയ് ശ്രീറാം വിളിച്ചും ഭാരത് മാതാ കീ ജയ് മുഴക്കിയും സ്വീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കഴിഞ്ഞവര്‍ഷമുണ്ടായ കലാപത്തിലെ മുഖ്യപ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ വന്‍ സ്വീകരണം. ജയ് ശ്രീറാം വിളികളും ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികളും സ്വീകരണത്തില്‍ മുഴങ്ങിക്കേട്ടു.

ഈ സ്വീകരണത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രതികളായ ഏഴുപേരാണ് ജാമ്യത്തിലിറങ്ങിയത്.

മുഖ്യപ്രതികളായ ശിഖര്‍ അഗര്‍വാള്‍, ജീതു ഫോജി തുടങ്ങിയവരെ മാലയിട്ടാണ് ആള്‍ക്കൂട്ടം സ്വീകരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് അടക്കമുള്ള രണ്ടുപേരെ കൊല്ലുകയും പ്രദേശത്ത് ദിവസങ്ങളോളം നീണ്ട കലാപം അഴിച്ചുവിടുകയും ചെയ്ത കേസിലെ പ്രതികളാണിവര്‍.

ഗോവധം ആരോപിച്ച് സംഘടിപ്പിച്ച കലാപത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയവരടക്കം 38 ആളുകളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. അഞ്ചു പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതു കൊലപാതകക്കുറ്റമാണ്. അതേസമയം ഗോവധത്തിന്റെ പേരിലും കേസെടുത്തിരുന്നു.

ദാദ്രിയില്‍ ബീഫിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട സുബോധായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

25 പശുക്കളുടെ ശവം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2018 ഡിസംബര്‍ മൂന്നിനു ബുലന്ദ്ശഹറില്‍ കലാപം തുടങ്ങിയത്. ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘടനകളാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. കലാപത്തിനിടെ തോക്കുകള്‍ ഉപയോഗിച്ചുവരെ അക്രമികള്‍ തെരുവിലിറങ്ങിയിരുന്നു.

ഗോവധം ആരോപിച്ച് ബജ്റംഗ്ദള്‍ നേതാവ് യോഗേഷാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. പിന്നീട് പരാതിയില്‍ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തര്‍ക്കത്തിലായി.

തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more