തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ പി.പി ദിവ്യക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ദിവ്യ പൊലീസിൽ കീഴടങ്ങിയത്.
പതിനൊന്ന് ദിവസത്തിന് ശേഷമാണ് ദിവ്യ പുറത്തേക്ക് വരുന്നത്. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ തീരുമാനം.
പ്രതിഭാഗം വക്കീലിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും പി.പി ദിവ്യ കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
എ.ഡി.എം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദിവ്യ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം വാദിച്ചെങ്കിലും ജാമ്യം ലഭിക്കുകയായിരുന്നു.
കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlight: out of prison; Bail for PP Divya