| Saturday, 4th January 2025, 8:26 am

രാജ്യത്ത് 10ാം ക്ലാസ് പൂര്‍ത്തിയാക്കുന്നത് 80.4 ശതമാനം പെണ്‍കുട്ടികള്‍ മാത്രം; കൊഴിഞ്ഞുപോക്ക് തടയുന്നതില്‍ കേരളം ഒന്നാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സ്‌കൂളില്‍ ചേരുന്ന 100 പെണ്‍കുട്ടികളില്‍ പത്താം തരം പൂര്‍ത്തിയാക്കുന്നത് 80.4  പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. അതേസമയം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതില്‍ മുന്‍വര്‍ഷങ്ങളിലെന്ന പോലെ കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ദേശീയതലത്തിലും കൊഴിഞ്ഞുപോക്ക് തടയുന്നതില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിയ പുരോഗതിയുണ്ടായിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദേശീയതലത്തില്‍ 80.4 ശതമാനം പെണ്‍കുട്ടികള്‍ പത്താം തരം പൂര്‍ത്തിയാക്കുമ്പോള്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ 77.2ശതമാനവും ആണ്‍കുട്ടികള്‍ 80.4ശതമാനവുമാണ് അധ്യായനം പൂര്‍ത്തിയാക്കുന്നത്. 2019ല്‍ ഇത് യഥാക്രമം 72.4, 73.5 എന്നിങ്ങനെയായിരുന്നു. യു.പി. വിഭാഗത്തില്‍ 2019ലെ കണക്കുകള്‍ പ്രകാരം 91.1 ശതമാനം ആണ്‍കുട്ടികളും 90.6 ശതമാനം പെണ്‍കുട്ടികളുമാണ് ക്ലാസുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഇത് 2024ലെത്തുമ്പോള്‍ യഥാക്രമം 92.7, 93 എന്നിങ്ങനെയായി ഉയര്‍ന്നിട്ടുണ്ട്.

രാജസ്ഥാനിലും കര്‍ണാടകയിലുമാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വര്‍ധിച്ചിരിക്കുന്നത്. 2019ല്‍ യു.പി. വിഭാഗം ആണ്‍കുട്ടികളുടെ എണ്ണത്തില്‍ കേരളത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒന്നാമതെത്തിയിരുന്ന കര്‍ണാടക 2024ലെത്തിയപ്പോള്‍ ഇതേ കണക്കില്‍ 15ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 2019നെ അപേക്ഷിച്ച് രാജസ്ഥാനില്‍ പുതിയ കണക്കുകള്‍ പ്രകാരം പ്രൈമറി വിദ്യാര്‍ത്ഥികളില്‍ 6.4 ശതമാനം ആണ്‍കുട്ടികളുടെയും 4.2 ശതമാനം പെണ്‍കുട്ടികളുടെയും കുറവാണുണ്ടായിരിക്കുന്നത്. സെക്കന്‍ഡറി വിഭാഗത്തില്‍ ഇത് യഥാക്രമം 6, 1.1 എന്നി നിലയില്‍ കുറഞ്ഞിട്ടുണ്ട്.

പശ്ചിമബംഗാളാണ് പുതിയ കണക്കുകളില്‍ ഏറെ മുന്നേറിയിട്ടുള്ളത്. പ്രൈമറി ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പശ്ചിമബംഗാള്‍ കേരളത്തിനൊപ്പം ഒന്നാമതെത്തി. പശ്ചിമബംഗാളില്‍ സ്‌കൂളില്‍ ചേരുന്ന 100 ശതമാനം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രൈമറി ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നതായാണ് കണക്ക്. എന്നാല്‍ ബീഹാറില്‍ പത്താം തരം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളുടെ കണക്ക് കേവലം 40.3 ശതമാനം മാത്രമാണ്.

അസമില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളില്‍ ചേരുന്ന 100 പെണ്‍കുട്ടികളില്‍ 63.7 പേര്‍ മാത്രമാണ് ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നത്. അതേസമയം ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മഹാരാഷ്ട്ര, തെലങ്കാന, ദല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നേരിയ തോതിലെങ്കിലും തടയാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

content highlights: Out of 100 school-going girls in the country, only 80.4 percent complete Class 10; Kerala ranks first in preventing dropouts

We use cookies to give you the best possible experience. Learn more