സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചു; പുതിയ പദവി ഏറ്റെടുക്കില്ല
national news
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചു; പുതിയ പദവി ഏറ്റെടുക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 3:24 pm

 

ന്യൂദല്‍ഹി: ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാഡ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് പുറത്താക്കപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ. പുതിയ ചുമതലയില്‍ നിന്നും രാജിവെക്കുകയാണെന്നും താന്‍ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് അലോക് വര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്ങിന് കത്തയച്ചു.

തനിക്ക് നീതി നിഷേധിച്ചെന്നും നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്നും അലോക് വര്‍മ്മ ആരോപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

കേന്ദ്രസര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് അലോക് വര്‍മ്മ ഉന്നയിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സി.ബി.ഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

നേരത്തെ സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) അന്വേഷണം കഴിയുന്നതു വരെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

അലോക് വര്‍മ്മയെ മാറ്റിയതില്‍ മല്ലികാര്‍ജുന ഖാര്‍ഗെ എതിര്‍പ്പ് അറിയിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ നേരത്തെ രംഗത്തെത്തിയിരുന്നു.

Also read:നോട്ടുനിരോധനത്തിനുശേഷം തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

നേരത്തെ ഡയരക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐ. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു. സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെടുത്തത്.

ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ സ്ഥലം നാഗേശ്വര്‍ റാവു നേരത്തെ സ്ഥലം മാറ്റിയിരുന്നു.

സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ രാകേഷ് ആസ്താനയ്ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സി.ബി.ഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് അസ്താനയ്ക്കെതിരെയുള്ള ആരോപണം.