ബാഴ്‌സലോണക്ക് കോടികളുടെ നഷ്ടം; ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഡെംബെലെ തീരുമാനമറിയിച്ചു
Football
ബാഴ്‌സലോണക്ക് കോടികളുടെ നഷ്ടം; ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഡെംബെലെ തീരുമാനമറിയിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st July 2023, 1:13 pm

ബാഴ്‌സലോണ സൂപ്പര്‍ താരം ഉസ്മാന്‍ ഡെംബെലെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ ഓഫര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. പാരീസിയന്‍ ക്ലബ്ബുമായി താരം അഞ്ച് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരത്തെ സ്വന്തമാക്കാന്‍ ബുദ്ധിപൂര്‍വമായ നീക്കമാണ് ഫ്രഞ്ച് വമ്പന്മാര്‍ നടത്തുന്നത്. ഡെംബെലെയുടെ റിലീസ് ക്ലോസ് 50 മില്യണ്‍ ആണ്. എന്നാല്‍ ഈ റിലീസ് ക്ലോസിന്റെ കരാര്‍ ജൂലായ് 30ന് അവസാനിക്കും. അതിനാല്‍ റിലീസ് ക്ലോസിന്റെ അവസാന ദിവസം ഡെംബലെക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കുകയായിരുന്നു പി.എസ്.ജിയുടെ ലക്ഷ്യം.

ഇത് ബാഴ്‌സലോണക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 2017ലാണ് ജര്‍മന്‍ ക്ലബ്ബായ ബോറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും താരത്തെ ബാഴ്‌സ സ്വന്തമാക്കുന്നത്. നെയ്മര്‍ക്ക് പകരക്കാരനായാണ് ഡെംബെലെയെ ബാഴ്‌സ സ്വന്തമാക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണ തോല്‍പ്പിച്ചിരുന്നു.

ബാഴ്‌സലോണക്കായി ഉസ്മാന്‍ ഡെംബെലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നീ താരങ്ങളാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ ടെഗര്‍ സ്റ്റേഗന്റെ മിന്നല്‍ സേവുകളും ബ്ലൂഗ്രാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോസ് ബ്ലാങ്കോസിന്റെ ഗോളെന്നുറപ്പിച്ച നാലോളം ഷോട്ടുകളും അത്ഭുതകരമായി തടഞ്ഞുവെക്കാന്‍ സ്റ്റേഗന് സാധിച്ചു.

മത്സരത്തിന്റെ 15ാം മിനിട്ടിലാണ് ഡെംബലയിലൂടെ ബാഴ്‌സ ലീഡെടുത്തത്. ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെ സമനില പിടിക്കാനുള്ള അവസരം റയലിന് ഒത്തുവന്നെങ്കിലും പാഴാവുകയായിരുന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ 85ാം മിനിട്ടിലാണ് ലോപ്പസ് മാര്‍ട്ടിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-0 ആയി.

Content Highlights: Ousmane Dembele says yes to PSG