| Saturday, 4th June 2022, 8:58 pm

ബാഴ്‌സ താരങ്ങളെ എല്ലാം ഞങ്ങള്‍ക്ക് വേണം; മെസിക്ക് പുറമെ അടുത്ത ബാഴ്‌സ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തെ ഏറ്റവും ആരാധകരുള്ള ക്ലബ്ബുകളലിലൊന്നാണ് സ്പാനിഷ് ലീഗ് ക്ലബ്ബായ ബാഴ്‌സലോണ. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ടീം അവരുടെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്.

ബാഴ്‌സയുടെ സൂപ്പര്‍ താരമയിരുന്ന ലയണല്‍ മെസി കഴിഞ്ഞ കൊല്ലം ടീം വിട്ടിരുന്നു. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്കായിരുന്നു താരം കൂടുമാറിയത്. ടീമിന്റെ സാമ്പത്തിക നില കണക്കിലെടുത്താണ് താരം ടീം വിട്ടത്.

അതിന് ശേഷം ടീം മുമ്പത്തെക്കാള്‍ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നുപോയതെങ്കിലും മുന്‍ താരം സാവി കോച്ചായി വന്നതില്‍ പിന്നെ ടീം മെച്ചപ്പെടുന്നുണ്ട്.

മെസിയെകൂടാതെ മറ്റൊരു താരത്തെ ബാഴ്‌സ താരത്തെ കൂടെ സ്വന്തമാക്കാനൊരുങ്ങിയിരിക്കുകയാണ് പി.എസ്.ജി ഇപ്പോള്‍ . ബാഴ്‌സയുടെ വിങ്ങറായ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെയാണ് പി.എസ്.ജി സ്വന്തമാക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പി.എസ്.ജിയിലേക്കുള്ള ഡെംബലെയുടെ കൂടുമാറ്റം 95 ശതമാനം ഉറപ്പായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ താരത്തിന് ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, ചെല്‍സി എന്നീ ക്ലബ്ബുകളില്‍ നിന്നും ഓഫറുകള്‍ വന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്.

പ്രമുഖ ജേണലിസ്റ്റായ ഡിയാന്‍ സാഞ്ചസിന്റെ റിപ്പോര്‍ട്ട് പ്രകാരം 25 കാരനായ ഡെംബലെ ഈ സമ്മറില്‍ തന്നെ ഫ്രീ ട്രാന്‍സ്ഫറില്‍ ലീഗ് 1 ചാമ്പ്യന്‍മാരായ പി.എസ്.ജിയില്‍ ചേരും. 2017ലായിരുന്നു ഫ്രഞ്ച് താരം ബാഴ്‌സയില്‍ എത്തുന്നത്.

ബാഴ്സലോണയുമായുള്ള ഡെംബെലെയുടെ കരാര്‍ ജൂണ്‍ അവസാനത്തോടെ അവസാനിക്കും. ക്ലബ്ബും താരവും തമ്മിലുള്ള ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ 2017ലെ സമ്മര്‍ട്രാന്‍സ്ഫറില്‍ അവര്‍ 140 ദശലക്ഷം യൂറോ നല്‍കി ടീമിലെത്തിച്ച കളിക്കാരനെ സൗജന്യമായി പി.എസ്.ജിക്ക് നല്‍കേണ്ടി വരും.

രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പാരീസ് ബാഴ്സലോണയില്‍ നിന്ന് ഒരു കളിക്കാരനെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യുന്നത്. കഴിഞ്ഞ സമ്മറില്‍ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫറുകളിലൊന്നായ ലയണല്‍ മെസിയെ അവര്‍ ഫ്രീയായി സൈന്‍ ചെയ്തിരുന്നു.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ മുതല്‍ ഡെംബെലെയെ സൈന്‍ ചെയ്യാന്‍ പി.എസ്.ജിക്ക് താല്‍പ്പര്യമുണ്ടായിരുന്നുവെന്നും ഇതിനകം തന്നെ താരം വ്യക്തിഗത നിബന്ധനകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ബാര്‍സ യൂണിവേഴ്‌സല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡി മരിയക്ക് ശേഷം അദ്ദേഹത്തിന്റെ പൊസിഷനിലേക്ക് കളിക്കാനായിരിക്കും പി.എസ്.ജി ഡെംബലെയെ കൊണ്ടുവരുന്നത്.

Content Highlights: Ousmane Dembele is all set to leave Barcelona and join PSG

We use cookies to give you the best possible experience. Learn more