സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ബാഴ്സലോണ. ഈ സീസണിൽ ലീഗിൽ മികവോടെ മുന്നേറുന്ന ക്ലബ്ബ് ലീഗിൽ വ്യക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
എന്നാൽ ബാഴ്സയിൽ നിന്നും സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിലേക്ക് പോകുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്.
ഡെമ്പലെക്ക് താൻ ബാഴ്സയിൽ ചതിക്കപ്പെടുകയാണ് എന്ന തോന്നലുണ്ടായിട്ടുണ്ടെന്നും താരം ബയേണിലേക്ക് പോകാനായി നിർബന്ധിതനായിരിക്കുകയാണെന്നുമാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാഴ്സ പ്രസിഡന്റായ ജോൻ ലപ്പോർട്ടയും ഡയറക്ടർ ഓഫ് ഫുട്ബോളായ മത്തേയൂ അലേമാനിയും ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെടാൻ ഡെമ്പലയെ നിർബന്ധിച്ചെന്നും എന്നാൽ അദ്ദേഹത്തിന് ഈ വർഷം അവസാനിക്കുന്നത് വരെ ക്ലബ്ബുമായി പുതിയ കരാറിലെത്താൻ താത്പര്യമില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഈ സീസണിൽ ഇതുവരെ 28 മത്സരങ്ങളിൽ ബാഴ്സലോണക്കായി ജേഴ്സിയണിഞ്ഞ താരത്തിന് എട്ട് ഗോളുകളും ഏഴ് അസിസ്റ്റു കളും മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.
എന്നാൽ പരിക്ക് മൂലം നിലവിൽ ക്ലബ്ബിനായി മത്സരിക്കാൻ ഇറങ്ങാൻ സാധിക്കാത്ത താരം പുതിയ കരാറിലെത്താനുള്ള ബാഴ്സലോണയുടെ സമ്മർദത്തെ തുടർന്ന് ബയേണിലേക്ക് ചേക്കേറുമെന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
കൂടാതെ ബയേണിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കപ്പെട്ട മുൻ ചെൽസി കോച്ച് തോമസ് ടുഷേലിനും ഡെമ്പലെ ബയേണിൽ കളിക്കുന്നതിനോട് താത്പര്യമുണ്ട്. ഡോർട്മുണ്ടിൽ ടുഷേലിന്റെ കീഴിൽ കളിച്ചിരുന്ന ഡെമ്പലെ 49 മത്സരങ്ങളിൽ നിന്നും 21 അസിസ്റ്റുകളും പത്ത് ഗോളുകളുമാണ് ബയേണിനായി സ്കോർ ചെയ്തത്.
അതേസമയം ലാ ലിഗയിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങളുമായി 71 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
26 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി രണ്ടാമതുള്ള റയലിനേക്കാൾ ബഹുദൂരം മുന്നിലാണ് ബാഴ്സയുടെ സ്ഥാനം.