Entertainment
രഹസ്യങ്ങളൊളിപ്പിച്ച ഒസ്യത്ത്
അമര്‍നാഥ് എം.
2025 Mar 08, 09:35 am
Saturday, 8th March 2025, 3:05 pm

നവാഗതനായ ശരത് ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്ത് വിജയരാഘവന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഔസേപ്പിന്റെ ഔസ്യത്ത്. ടൈറ്റില്‍ കഥാപാത്രമായ ഔസേപ്പായി വേഷമിട്ടത് വിജയരാഘവനാണ്. പീരുമേടിലെ കര്‍ഷകനായ ഔസേപ്പിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

കൂട്ടുകുടുംബ വ്യവസ്ഥകളും അതില്‍ പലരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും വളരെ കൃത്യമായി ചിത്രത്തില്‍ വരച്ചിടുന്നുണ്ട്. രണ്ട് മണിക്കൂര്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ ചെറിയ സമയത്തിനുള്ളില്‍ ഔസേപ്പിന്റെ കുടുംബത്തിന്റെ പരിപൂര്‍ണ ചിത്രം വരച്ചിടാന്‍ എഴുത്തുകാര്‍ക്കും സംവിധായകനും സാധിച്ചിട്ടുണ്ട്.

കൂട്ടുകുടുംബങ്ങളുടെ കഥ പറയുന്ന സിനിമകളില്‍ എപ്പോഴും കടന്നുവരുന്ന വിഷയമാണ് സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം ഈ സിനിമയിലും കടന്നുവരുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ കാണുന്നതുപോലെ വളരെ റിയലിസ്റ്റിക്കായി അത് അവതരിപ്പിച്ചിട്ടുമുണ്ട്. ഫാമിലി ഡ്രാമയായി തുടങ്ങുന്ന ചിത്രം ഇന്റര്‍വനെല്ലിനോടടുക്കുമ്പോള്‍ ത്രില്ലര്‍ ട്രാക്കിലേക്ക് മാറുന്നുണ്ട്.

ഏത് കഥാപാത്രത്തിനൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പം രണ്ടാം പകുതിയില്‍ പ്രേക്ഷകന് വന്നുചേരുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കുള്ള ന്യായം സംവിധായകന്‍ നല്‍കുന്നുണ്ട്. അതിനെ ഏറ്റവും നന്നായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്‌സ് തന്നെയാണ് സിനിമയുടെ വലിയൊരു പോസിറ്റീവായി തോന്നിയത്.

കഥാപാത്രങ്ങളുടെ പ്രകടനം നോക്കിയാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ വിജയരാഘവന്‍ എല്ലാ പ്രാവശ്യത്തെയും പോലെ മികച്ച് നിന്നു. പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന് ഒരു പുതിയ കാര്യമല്ലാതായിട്ടുണ്ട്. അത്രമാത്രം അനായാസമായാണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡത്തിലെ അപ്പുപ്പിള്ളയില്‍ നിന്ന് ഔസേപ്പിലേക്കെത്തുമ്പോഴും അതില്‍ മാറ്റമൊന്നുമില്ല. ഒരു മലയോര കര്‍ഷകന്റെ എല്ലാ മാനറിസവും വിജയരാഘവനില്‍ ഭദ്രമായിരുന്നു. കര്‍ക്കശക്കാരനായി പുറമേ തോന്നുന്ന, എന്നാല്‍ മക്കളോടും കുടുംബത്തോടും കരുതലും സ്‌നേഹവുമുള്ള ഔസേപ്പ് വിജയരാഘവന്റെ ഫിലിമോഗ്രഫിയില്‍ മികച്ചൊരു കഥാപാത്രമാണ്.

ഞെട്ടിച്ചുകളഞ്ഞത് ദിലീഷ് പോത്തന്‍ അവതരിപ്പിച്ച മൈക്കിളാണ്. അച്ഛന്റെ ഇഷ്ടത്തിനായി ജീവിച്ച്, സ്വന്തം ഇഷ്ടത്തിന് യാതൊരു തീരുമാനവുമെടുക്കാതെ ജീവിക്കേണ്ടി വന്ന മകനാണ് മൈക്കിള്‍. ദിലീഷ് പോത്തനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനം ചിത്രത്തില്‍ കാണാന്‍ സാധിച്ചു. രണ്ടാം പകുതിയില്‍ ആ കഥാപാത്രത്തിന് കൊടുത്ത ഷേഡ് വളരെ മികച്ചതായിരുന്നു.

ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ ഷാജോണും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ദിലീഷ് പോത്തനും ഷാജോണും തമ്മിലുള്ള ബോണ്ട് കാണിക്കുന്ന രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായിരുന്നു. ഹേമന്ത് മേനോന്‍ അവതരിപ്പിച്ച റോയ്‌യും കഥയില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

ജോജി അവതരിപ്പിച്ച പാപ്പിയാണ് സിനിമയിലെ മറ്റൊരു മികച്ച കഥാപാത്രം. രണ്ടാം പകുതിയില്‍ കാരണവര്‍ കളിക്കുന്ന സീനിലൊക്കെ അസാധ്യപ്രകടനമാണ് ജോജി കാഴ്ചവെച്ചത്.

ലെന അവതരിപ്പിച്ച ആനി ഈയിടെ കണ്ട മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ്. കഥയുടെ ഒരു ഘട്ടത്തില്‍ സ്വന്തം ജീവിതം നരകതുല്യാമാക്കാന്‍ താത്പര്യമില്ലാതെ വീടുവിട്ടിറങ്ങുന്ന രംഗം വളരെ ശക്തമായ ഒന്നായിരുന്നു. സെറിന്‍ ഷിഹാബ്, കനി കുസൃതി എന്നിവരും അവരവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു.

കഥയോട് ചേര്‍ന്നുനില്‍ക്കുന്ന ഫ്രെയിമുകളൊരുക്കിയ അരവിന്ദ് കണ്ണബിരാന്‍, ചിത്രത്തെ അളന്നുമുറിച്ച് കട്ട് ചെയ്ത അജിത്കുമാറിന്റെ എഡിറ്റിങ്ങും സിനിമയെ കൂടുതല്‍ മനോഹരമാക്കി. മൊത്തത്തില്‍ ഈ വര്‍ഷം വന്ന മികച്ച സിനിമകളിലൊന്നാണ് ഔസേപ്പിന്റെ ഒസ്യത്തെന്ന് പറയാം.

Content Highlight: Ouseppinte Osiyathu movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം