| Tuesday, 7th January 2025, 5:24 pm

ദാസേട്ടന് പറ്റാത്തതുകൊണ്ട് ആ വരികള്‍ ഞാന്‍ പാടി, എന്നാല്‍ മോഹന്‍ലാല്‍ അത് പെര്‍ഫക്ടായി ചെയ്തുവെച്ചു: ഔസേപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോണ്‍സണ്‍ മാസ്റ്ററുടെ അസിസ്റ്റന്റായി വന്ന് പിന്നീട് മലയാള സിനിമാസംഗീതലോകത്ത് സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത സംഗീതസംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറിയത്. 39 വര്‍ഷത്തിനുള്ളില്‍ 100ലധികം സിനിമകള്‍ക്ക് സംഗീതം നല്‍കി.

മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി ഔസേപ്പച്ചന് നേടിക്കൊടുത്ത ചിത്രമായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം. മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഔസേപ്പച്ചന്‍. ചിത്രത്തില്‍ ‘പുഞ്ചിരിയുടെ പൂവിതളില്‍’ എന്ന ഗാനത്തിന്റെ തുടക്കത്തിലെ ഭാഗം ബിച്ചു തിരുമലയുടെ കോണ്‍ട്രിബ്യൂഷനാണെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.

ആ വരികളുടെ അര്‍ത്ഥമെന്താണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും കേള്‍ക്കാന്‍ രസമുള്ളതുകൊണ്ട് പാട്ടില്‍ ഉള്‍പ്പെടുത്തിയെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ആ വരികള്‍ വായിച്ചപ്പോള്‍ തന്നെ അത് പാടാന്‍ കുറച്ച് പ്രയാസമാണെന്ന് തനിക്ക് മനസിലായിരുന്നെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. യേശുദാസായിരുന്നു ആ പാട്ട് പാടിയതെന്നും അദ്ദേഹത്തിന്് പകരം ആ വരികള്‍ പാടിയത് താനാണെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ആ ഭാഗം മോഹന്‍ലാല്‍ പറയുന്നതായിട്ടാണെന്നും എന്നാല്‍ മോഹന്‍ലാലിന് അത് വലിയ പ്രയാസമായി തോന്നിയില്ലെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഷൂട്ടിന്റെ സമയത്തും ഡബ്ബിങ്ങിന്റെ സമയത്തും മോഹന്‍ലാല്‍ അത് വളരെ പെര്‍ഫക്ടായി ചെയ്തിട്ടുണ്ടെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍.

‘ആ പാട്ട് ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതിന് കാരണം അതിന്റെ തുടക്കത്തില്‍ വരുന്ന ഭാഗമാണ്. ‘കളകളമൊഴുകുമൊരരുവി’ എന്നുള്ള ഭാഗം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുപോകുന്നുണ്ട്. പാട്ടിന്റെ ഇടയിലും ഇത് വരുന്നുണ്ട്. ബിച്ചു തിരുമലയുടെ കോണ്‍ട്രിബ്യൂഷനാണ് അത്. എന്താണ് അതിന്റെ അര്‍ത്ഥം എന്നൊന്നും എനിക്ക് അറിയില്ല. വരികള്‍ കണ്ടപ്പോള്‍ തന്നെ അത് കുറച്ച് പാടാണെന്ന് എനിക്ക് മനസിലായി.

ദാസേട്ടനായിരുന്നു ആ പാട്ട് പാടിയത്. പുള്ളിക്ക് പകരം ആ ഭാഗം പാടിയത് ഞാനാണ്. പക്ഷേ, സിനിമയില്‍ ആ പോര്‍ഷന്‍ മോഹന്‍ലാല്‍ പറയുന്നതായിട്ടാണ്. അത് പറഞ്ഞൊപ്പിക്കാന്‍ മോഹന്‍ലാലിന് അത്തരത്തില്‍ ഒരു പ്രയാസവും തോന്നിയില്ല. പുള്ളി ഷൂട്ടിന്റെ സമയത്തും അത് കഴിഞ്ഞ് ഡബ്ബിങ്ങിലും ആ ഭാഗം പെര്‍ഫക്ടായി പറഞ്ഞുവെച്ചു. അയാള്‍ക്ക് അത് വളരെ സിമ്പിളായിരുന്നു,’ ഔസേപ്പച്ചന്‍ പറയുന്നു.

Content Highlight: Ouseppchan shares the memories of song composing in Unnikale Oru Kadha Parayam movie

We use cookies to give you the best possible experience. Learn more