| Thursday, 21st November 2024, 10:08 am

ആ ചിത്രം എന്റെ കരിയറിലെ മഹാഭാഗ്യം: ഔസേപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ഔസേപ്പച്ചന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ജോണ്‍സണ്‍ മാസ്റ്റര്‍, കണ്ണൂര്‍ രാജന്‍, ശ്യാം തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പവും ഇന്ന് ഇന്നത്തെ സുഷിന്‍ ശ്യാം, ദീപക് ദേവ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരോടൊപ്പവും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് അദ്ദേഹം.

തന്റെ കരിയറിലെ ഭാഗ്യമാണ് കസ്തൂരിമാന്‍ എന്ന ചിത്രമെന്ന് പറയുകയാണ് ഔസേപ്പച്ചന്‍. താന്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ മോഹിച്ച സംവിധായകനാണ് ലോഹിതദാസെന്നും അദ്ദേഹം പറയുന്നു. കസ്തൂരിമാന്‍ എന്ന ചിത്രത്തിലേക്ക് തന്നെ വിളിക്കേണ്ട ഒരു ആവശ്യവും ലോഹിതദാസിനില്ലായിരുന്നെന്നും തന്നേക്കാള്‍ മുന്‍ഗണയുള്ള സംഗീത സംവിധായകര്‍ അന്നുണ്ടായിരുന്നെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയോട് താന്‍ നീതി പുലര്‍ത്തിയെന്നും നല്ല പാട്ടുകളും വയലിന്‍ സ്‌കോറും ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്‌റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍.

‘ഞാന്‍ വളരെ മോഹിച്ച ഒരു സംവിധായകനുണ്ട്, ലോഹിതദാസ്. അദ്ദേഹം ഇന്ന് നമ്മുടെ ഒപ്പമില്ല. അദ്ദേഹത്തിന്റെ പടം കസ്തൂരിമാന്‍ എന്റെ കരിയറിലെ മഹാഭാഗ്യമാണ്. ആ ചിത്രത്തിലേക്ക് എന്നെ വിളിക്കേണ്ട ഒരു ആവശ്യവും അദ്ദേഹത്തിലായിരുന്നു. അന്ന് എന്നേക്കാള്‍ മുന്‍ഗണനയുള്ള സംഗീത സംവിധായകര്‍ അദ്ദേഹത്തിന് വേറെ ഉണ്ടായിരുന്നു. പക്ഷെ ഈ പടത്തിന് എന്നെ വിളിച്ചു. അത് എന്റെ ഒരു ഭാഗ്യമല്ലേ.

ഞാന്‍ ആ സിനിമയോട് നീതി പുലര്‍ത്തി. നല്ലൊരു പാട്ടും വയലിന്‍ സ്‌കോറും എല്ലാം എനിക്ക് ചെയ്യാന്‍ പറ്റി. നല്ലരീതിയില്‍ ആ സിനിമക്ക് വേണ്ടി മ്യൂസിക് കംപോസ് ചെയ്യാന്‍ പറ്റി എന്നാണ് എന്റെ വിശ്വാസം. അതിന് ദൈവത്തിനോടുള്ള നന്ദി മറക്കില്ല. കാരണം നമ്മള്‍ ചെയ്താലും അത് നടക്കുകയും ആളുകളുടെ ഇടയില്‍ വര്‍ക്ക് ആകുകയും വേണ്ടേ,’ ഔസേപ്പച്ചന്‍ പറയുന്നു

അതേസമയം ലോഹിതദാസിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കസ്തൂരിമാന്‍. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഔസേപ്പച്ചനായിരുന്നു.

Content Highlight: Ouseppachan Talks About  Kasthooriman Movie

We use cookies to give you the best possible experience. Learn more