ഭരതേട്ടന് എന്നെ ഇഷ്ടപ്പെടാനുള്ള കാരണം വയലിന്‍; എന്നാല്‍ എനിക്കന്ന് അദ്ദേഹത്തെ അറിയില്ല: ഔസേപ്പച്ചന്‍
Entertainment
ഭരതേട്ടന് എന്നെ ഇഷ്ടപ്പെടാനുള്ള കാരണം വയലിന്‍; എന്നാല്‍ എനിക്കന്ന് അദ്ദേഹത്തെ അറിയില്ല: ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd December 2024, 8:44 am

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഭരതന്‍. കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹം ചെയ്തു വെച്ചതെല്ലാം ക്ലാസിക് സിനിമകളാണ്. അമരം, വൈശാലി, താഴ്വാരം  തുടങ്ങിയ ഭരതന്‍ ചിത്രങ്ങളും ഇന്നും മലയാളികളുടെ ചര്‍ച്ചയില്‍ ഇടം നേടുന്നവയാണ്.

ഭരതനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കാതോട് കാതോരം, ഒരു സായാഹ്നത്തിന്റെ സ്വപ്നം തുടങ്ങിയ ഒരുപിടി മികച്ച ഭരതന്‍ ചിത്രങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുണ്ട്. ദേവരാജന്‍ മാഷിന്റെ കളരിയില്‍ വെച്ചാണ് ആദ്യമായി ഭരതനെ കാണുന്നതെന്ന് ഔസേപ്പച്ചന്‍ പറയുന്നു.

ഭരതനെ ആദ്യമായി കാണുമ്പോള്‍ താന്‍ വയലിന്‍ വായിച്ചിരിക്കുന്ന ചെറിയ പയ്യന്‍ ആയിരുന്നെന്നും ഭരതന്‍ എന്ന സംവിധായകനെ അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരതന് താന്‍ വയലിന്‍ വായിക്കുന്നത് വളരെ ഇഷ്ടമാണെന്നും വയലിനാണ് തന്നെ  ഇഷ്ടപ്പെടാനുള്ള കാരണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവരാജന്‍ മാഷിന്റെ കളരിയില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ഭരതേട്ടനെ കാണുന്നത്. അവിടെ ഭരതേട്ടന്‍ സംവിധാനം ചെയ്യുന്ന പടത്തിന് ദേവരാജന്‍ മാഷ് സംഗീതം ഒരുക്കുകയായിരുന്നു. ഭരതേട്ടന്‍ അവിടെ വരുമ്പോള്‍ ഞാന്‍ ഒരു മൂലക്ക് വയലിനെല്ലാം വായിച്ചുകൊണ്ടിരിക്കുന്നുണ്ടാകും. അദ്ദേഹം നോക്കുമ്പോള്‍ ഞാന്‍ ഒരു ചെറിയ പയ്യന്‍, ഇരുപത്തിയൊന്ന് വയസ് പ്രായം.

എനിക്ക് ഭരതേട്ടന്‍ തൃശൂര്‍ക്കാരന്‍ ആണെന്നോ വലിയൊരു സംവിധായകനാണ് എന്ന കാര്യമൊന്നും അറിയില്ല. ഞാന്‍ അതിലെ വയലിനെല്ലാം വായിച്ച് നടക്കുന്ന ചെറിയ പയ്യന്‍. എനിക്ക് ദേവരാജന്‍ മാഷാണ് ദൈവം. വേറെ ആരെയും എനിക്കറിയില്ല. അദ്ദേഹം എന്റെ അടുത്ത് വന്ന് ഞാന്‍ ഭരതനാണ്, സംവിധായകന്‍ ആണെന്ന് പറഞ്ഞു. അന്ന് അദ്ദേഹം ഗുരുവായൂര്‍ കേശവന്‍, രതിനിര്‍വേദം തുടങ്ങിയ ചിത്രങ്ങളെല്ലാം ചെയ്ത് നില്‍ക്കുന്ന സമയമാണ്.

എന്താണെന്ന് അറിയില്ല ഭരതേട്ടന് ഞാന്‍ വയലിന്‍ വായിക്കുന്നത് കാണാന്‍ വലിയ ഇഷ്ടമാണ്. സത്യത്തില്‍ അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെടാനുള്ള കാരണം വയലിനാണ്,’ഔസേപ്പച്ചന്‍ പറയുന്നു.

Content Highlight: Ouseppachan Talks About Director Bharathan